Malayalam Bible — Malayalam (മലയാളം)
1 മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി ഞാന്‍ കെബാര്‍നദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോള്‍ സ്വര്‍ഗം തുറന്നു ഞാന്‍ ദിവ്യദര്‍ശനങ്ങളെ കണ്ടു.
2 യെഹോയാഖീന്‍രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തീയതി തന്നെ,
3 കല്ദയദേശത്തു കെബാര്‍നദീതീരത്തുവച്ചു ബൂസിയുടെ മകന് യെഹെസ്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കൈയും അവന്റെമേൽ വന്നു.
4 ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും വലിയൊരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ല സ്വര്‍ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
5 അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവയ്ക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
6 ഓരോന്നിനു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
7 അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
8 അവയ്ക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
9 അവയുടെ ചിറകുകള് ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള്‍ അവ തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുപോകും.
10 അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു.
11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്‍; അവയുടെ ചിറകുകള് മേൽഭാഗം വിടര്‍ന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറച്ചും ഇരുന്നു.
12 അവ ഓരോന്നും നേരേ മുമ്പോട്ടു പോകും; പോകുമ്പോള്‍ അവ തിരിയാതെ ആത്മാവിനു പോകേണ്ടിയ ഇടത്തേക്കു തന്നെ പോകും.
13 ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങള്‍പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെയിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു; തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
14 ജീവികള്‍ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15 ഞാന്‍ ജീവികളെ നോക്കിയപ്പോള്‍ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിനും നേരേ ഓരോ ചക്രം കണ്ടു.
16 ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരു ഭാഷ തന്നെ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
17 അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ല.
18 അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകള്‍ക്ക് ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
19 ജീവികള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേര്‍ന്നുതന്നെ പോകും; ജീവികള്‍ ഭൂമിയിൽനിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും പൊങ്ങും.
20 ആത്മാവിനു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങള്‍ അവയോടുകൂടെ പൊങ്ങും.
21 ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോള്‍ ഇവയും പോകും; അവ നില്ക്കുമ്പോള് ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.
22 ജീവികളുടെ തലയ്ക്കു മീതെ ഭയങ്കരമായൊരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കു മീതെ വിരിഞ്ഞിരുന്നു.
23 വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള് നേര്‍ക്കു നേരേ വിടര്‍ന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന്‍ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
24 അവ പോകുമ്പോള്‍ ചിറകുകളുടെ ഇരച്ചിൽ വലിയ വെള്ളത്തിന്റെ ഇരച്ചിൽപോലെയും സര്‍വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നില്ക്കുമ്പോള് അവ ചിറകു താഴ്ത്തും.
25 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്മേൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോള് അവ ചിറകു താഴ്ത്തും.
26 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്റെ അരമുതൽ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വര്‍ണംപോലെ ഞാന്‍ കണ്ടു;
27 അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
28 അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.