Malayalam Bible — Malayalam (മലയാളം)
1 യഹോവ മോശെയോട് അരുളിച്ചെയ്തത്: നോക്കൂ, ഞാന്‍ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരന് അഹരോന് നിനക്കു പ്രവാചകനായിരിക്കും.
2 ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോന് യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം.
3 എന്നാൽ ഞാന്‍ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്ത് എന്റെ അടയാളങ്ങളും അദ്ഭുതങ്ങളും വര്‍ധിപ്പിക്കും.
4 ഫറവോന് നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെതന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കും.
5 അങ്ങനെ ഞാന്‍ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു മിസ്രയീമ്യര്‍ അറിയും.
6 മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര്‍ അങ്ങനെതന്നെ ചെയ്തു.
7 അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്ക് എണ്പതു വയസ്സും അഹരോന് എണ്‍പത്തിമൂന്നു വയസ്സും ആയിരുന്നു.
8 യഹോവ മോശെയോടും അഹരോനോടും:
9 ഫറവോന് നിങ്ങളോട് ഒരു അദ്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാൽ നീ അഹരോനോട്: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അത് ഒരു സര്‍പ്പമായിത്തീരും എന്നു കല്പിച്ചു.
10 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന് തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായിത്തീര്‍ന്നു.
11 അപ്പോള്‍ ഫറവോന് വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
12 അവര്‍ ഓരോരുത്തന് താന്താന്റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായിത്തീര്‍ന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13 ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന് അവരെ ശ്രദ്ധിച്ചതുമില്ല.
14 അപ്പോള്‍ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവനു മനസ്സില്ല.
15 രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവന് വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്മാന് നദീതീരത്തു നില്ക്കേണം; സര്‍പ്പമായിത്തീര്‍ന്ന വടിയും കൈയിൽ എടുത്തുകൊള്ളേണം.
16 അവനോടു പറയേണ്ടത് എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയയ്ക്ക എന്നു കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
17 ഞാന്‍ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കൈയിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായിത്തീരും.
18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്ക് അറപ്പു തോന്നും.
19 യഹോവ പിന്നെയും മോശെയോട്: നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകല ജലാശയങ്ങളുടെമേലും കൈ നീട്ടുക; അവ രക്തമായിത്തീരും; മിസ്രയീംദേശത്ത് എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.
20 മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളമൊക്കെയും രക്തമായിത്തീര്‍ന്നു.
21 നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്ത് എല്ലാടവും രക്തം ഉണ്ടായിരുന്നു.
22 മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവന് അവരെ ശ്രദ്ധിച്ചതുമില്ല.
23 ഫറവോന് തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവന് ഗണ്യമാക്കിയില്ല.
24 നദിയിലെ വെള്ളം കുടിപ്പാന്‍ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യര്‍ എല്ലാവരും കുടിപ്പാന്‍ വെള്ളത്തിനായി നദിയരികെയൊക്കെയും ഓലി കുഴിച്ചു.