പുറപ്പാട് 5 (Exodus 5)

Malayalam Bible — Malayalam (മലയാളം)

1 അതിന്‍റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോട്: മരുഭൂമിയിൽ എനിക്ക് ഉത്സവം കഴിക്കേണ്ടതിന് എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

2 അതിനു ഫറവോന്‍: യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്ക് കേള്‍ക്കേണ്ടതിന് അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല എന്നു പറഞ്ഞു.

3 അതിന് അവര്‍: എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു; അവന്‍ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിനു ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.

4 മിസ്രയീംരാജാവ് അവരോട്: മോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നത് എന്ത്? നിങ്ങളുടെ ഊഴിയവേലയ്ക്കു പോകുവിന്‍ എന്നു പറഞ്ഞു.

5 ദേശത്തു ജനം ഇപ്പോള്‍ വളരെ ആകുന്നു; നിങ്ങള്‍ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന്‍ പറഞ്ഞു.

6 അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചത് എന്തെന്നാൽ:

7 ഇഷ്ടക ഉണ്ടാക്കുവാന്‍ ജനത്തിനു മുമ്പിലത്തെപ്പോലെ ഇനി വയ്ക്കോൽ കൊടുക്കരുത്; അവര്‍ തന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ.

8 എങ്കിലും ഇഷ്ടകയുടെ കണക്കു മുമ്പിലത്തെപ്പോലെതന്നെ അവരുടെമേൽ ചുമത്തേണം; ഒട്ടും കുറയ്ക്കരുത്. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നു: ഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നത്.

9 അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതിൽ കഷ്ടപ്പെടട്ടെ; അവര്‍ വ്യാജവാക്കുകള്‍ കേള്‍ക്കരുത്.

10 അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോട്: നിങ്ങള്‍ക്കു വയ്ക്കോൽ തരികയില്ല;

11 നിങ്ങള്‍തന്നെ പോയി കിട്ടുന്നേടത്തുനിന്നു വയ്ക്കോൽ ശേഖരിപ്പിന്‍; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.

12 അങ്ങനെ ജനം വയ്ക്കോലിനു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീംദേശത്ത് എല്ലാടവും ചിതറി നടന്നു.

13 ഊഴിയവിചാരകന്മാര്‍ അവരെ ഹേമിച്ചു: വയ്ക്കോൽ കിട്ടിവന്നപ്പോള്‍ ഉള്ളതിനു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികക്കേണം എന്നു പറഞ്ഞു.

14 ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേൽമക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടക തികയ്ക്കാഞ്ഞതെന്ത് എന്നു ചോദിച്ചു.

15 അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?

16 അടിയങ്ങള്‍ക്കു വയ്ക്കോൽ തരാതെ ഇഷ്ടക ഉണ്ടാക്കുവിന്‍ എന്ന് അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിനു പാപമാകുന്നു എന്നു പറഞ്ഞു.

17 അതിന് അവന്‍: മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ട്: ഞങ്ങള്‍ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.

18 പോയി വേല ചെയ്‍വിന്‍; വയ്ക്കോൽ തരികയില്ല, ഇഷ്ടക കണക്കുപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.

19 ദിവസംതോറുമുള്ള ഇഷ്ടകക്കണക്കിൽ ഒന്നും കുറയ്ക്കരുത് എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികള്‍ കണ്ടു.

20 അവര്‍ ഫറവോനെ വിട്ടു പുറപ്പെടുമ്പോള്‍ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,

21 അവരോട്: നിങ്ങള്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കൈയിൽ വാള്‍ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

22 അപ്പോള്‍ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: കര്‍ത്താവേ, നീ ഈ ജനത്തിനു ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?

23 ഞാന്‍ നിന്‍റെ നാമത്തിൽ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കൽ ചെന്നതുമുതൽ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.

  • Exodus 4 — previous chapter
  • Exodus 6 — next chapter
  • Exodus 5 — English (KJV)
  • Exodus 5 — English (WEB)
  • Exodus 5 — Tamil (தமிழ்)
  • Exodus 5 — Hindi (हिंदी)
  • Exodus 5 — Kannada (ಕನ್ನಡ)