പുറപ്പാട് 34 (Exodus 34)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊള്‍ക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാന്‍ ആ പലകയിൽ എഴുതും.

2 നീ രാവിലെ ഒരുങ്ങി രാവിലെതന്നെ സീനായിപര്‍വതത്തിൽ കയറി; പര്‍വതത്തിന്‍റെ മുകളിൽ എന്‍റെ സന്നിധിയിൽ വരേണം.

3 നിന്നോടുകൂടെ ആരും കയറരുത്; പര്‍വതത്തിൽ എങ്ങും ആരെയും കാണരുത്. പര്‍വതത്തിന്‍ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.

4 അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോടു കല്പിച്ചതുപോലെ സീനായിപര്‍വതത്തിൽ കയറി; കല്പലക രണ്ടും കൈയിൽ എടുത്തു കൊണ്ടുപോയി.

5 അപ്പോള്‍ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്‍റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.

6 യഹോവ അവന്‍റെ മുമ്പാകെ കടന്നു ഘോഷിച്ചത് എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍.

7 ആയിരം ആയിരത്തിനു ദയ പാലിക്കുന്നവന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍; കുറ്റമുള്ളവനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍.

8 എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:

9 കര്‍ത്താവേ, നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ കര്‍ത്താവു ഞങ്ങളുടെ മധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനംതന്നെ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്‍റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.

10 അതിന് അവന്‍ അരുളിച്ചെയ്തതെന്തെന്നാൽ: ഞാന്‍ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അദ്ഭുതങ്ങള്‍ നിന്‍റെ സര്‍വജനത്തിനും മുമ്പാകെ ഞാന്‍ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനമൊക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാന്‍ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതുതന്നെ.

11 ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊള്‍ക; അമോര്യന്‍, കനാന്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.

12 നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടുനീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാൽ അതു നിന്‍റെ മധ്യേ ഒരു കെണിയായിരിക്കും.

13 നിങ്ങള്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകര്‍ത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം.

14 അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു; അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നെ.

15 ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോട് അവര്‍ പരസംഗം ചെയ്ത് അവരുടെ ദേവന്മാര്‍ക്കു ബലി കഴിക്കുമ്പോള്‍ നിന്നെ വിളിക്കയും നീ ചെന്ന് അവരുടെ ബലികള്‍ തിന്നുകയും

16 അവരുടെ പുത്രിമാരിൽനിന്നു നിന്‍റെ പുത്രന്മാര്‍ക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോള്‍ നിന്‍റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാന്‍ ഇടവരരുത്.

17 ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.

18 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം നീ ആചരിക്കേണം. ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ്മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ്മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നത്.

19 ആദ്യം ജനിക്കുന്നതൊക്കെയും നിന്‍റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആണൊക്കെയും എനിക്കുള്ളത് ആകുന്നു.

20 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍കുട്ടിയെക്കൊണ്ടു വീണ്ടു കൊള്ളേണം. വീണ്ടുകൊള്ളുന്നില്ലങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെയൊക്കെയും വീണ്ടുകൊള്ളേണം. വെറുംകൈയോടെ നിങ്ങള്‍ എന്‍റെ മുമ്പാകെ വരരുത്.

21 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.

22 കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുന്നാളും നീ ആചരിക്കേണം.

23 സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കെയും യിസ്രായേലിന്‍റെ ദൈവമായി യഹോവയായ കര്‍ത്താവിന്‍റെ മുമ്പാകെ വരേണം.

24 ഞാന്‍ ജാതികളെ നിന്‍റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്‍റെ അതിര്‍ത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാന്‍ കയറിപ്പോയിരിക്കുമ്പോള്‍ ഒരു മനുഷ്യനും നിന്‍റെ ദേശം മോഹിക്കയില്ല.

25 എന്‍റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുത്. പെസഹാപെരുന്നാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.

26 നിന്‍റെ നിലത്തിലെ ആദ്യവിളവിന്‍റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

27 യഹോവ പിന്നെയും മോശെയോട്: ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

28 അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.

29 അവന്‍ തന്നോട് അരുളിച്ചെയ്തതു നിമിത്തം തന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്‍റെ പലക രണ്ടും കൈയിൽ പിടിച്ചുകൊണ്ട് സീനായിപര്‍വതത്തിൽനിന്ന് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല.

30 അഹരോനും യിസ്രായേൽമക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ട് അവര്‍ അവന്‍റെ അടുക്കൽ ചെല്ലുവാന്‍ ഭയപ്പെട്ടു.

31 മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികളൊക്കെയും അവന്‍റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോടു സംസാരിച്ചു.

32 അതിന്‍റെശേഷം യിസ്രായേൽമക്കളൊക്കെയും അവന്‍റെ അടുക്കൽ ചെന്നു. സീനായിപര്‍വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോട് ആജ്ഞാപിച്ചു.

33 മോശെ അവരോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.

34 മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അവന്‍റെ സന്നിധാനത്തിൽ കടക്കുമ്പോള്‍ പുറത്തുവരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചത് അവന്‍ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും.

35 യിസ്രായേൽമക്കള്‍ മോശെയുടെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന് അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്‍റെ മുഖത്ത് ഇട്ടുകൊള്ളും.

  • Exodus 33 — previous chapter
  • Exodus 35 — next chapter
  • Exodus 34 — English (KJV)
  • Exodus 34 — English (WEB)
  • Exodus 34 — Tamil (தமிழ்)
  • Exodus 34 — Hindi (हिंदी)
  • Exodus 34 — Kannada (ಕನ್ನಡ)