പുറപ്പാട് 21 (Exodus 21)

Malayalam Bible — Malayalam (മലയാളം)

1 അവരുടെ മുമ്പാകെ നീ വയ്ക്കേണ്ടുന്ന ന്യായങ്ങളാവിത്:

2 ഒരു എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ട് ഏഴാം സംവത്സരത്തിൽ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.

3 ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവനു ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.

4 അവന്‍റെ യജമാനന്‍ അവനു ഭാര്യയെ കൊടുക്കയും അവള്‍ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ഇരിക്കേണം; അവന്‍ ഏകനായി പോകേണം.

5 എന്നാൽ ദാസന്‍: ഞാന്‍ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകയില്ല എന്നു തീര്‍ത്തുപറഞ്ഞാൽ

6 യജമാനന്‍ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്ന് കതകിന്‍റെയോ കട്ടളക്കാലിന്‍റെയോ അടുക്കൽ നിറുത്തിയിട്ട് സൂചികൊണ്ട് അവന്‍റെ കാത് കുത്തിത്തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവനു ദാസനായിരിക്കേണം.

7 ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാൽ അവള്‍ ദാസന്മാര്‍ പോകുന്നതുപോലെ പോകരുത്.

8 അവളെ തനിക്കു സംബന്ധത്തിനു നിയമിച്ച യജമാനന് അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കു വിറ്റുകളവാന്‍ അവന് അധികാരം ഇല്ല.

9 അവന്‍ അവളെ തന്‍റെ പുത്രനു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിനു തക്കവണ്ണം അവളോടു പെരുമാറേണം.

10 അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.

11 ഈ മൂന്നു കാര്യവും അവന്‍ അവള്‍ക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

12 ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

13 അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്‍റെ കൈയാൽ സംഭവിപ്പാന്‍ ദൈവം സംഗതി വരുത്തിയതായാൽ അവന്‍ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.

14 എന്നാൽ ഒരുത്തന്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവന്‍ മരിക്കേണ്ടതിനു നീ അവനെ എന്‍റെ യാഗപീഠത്തിങ്കൽനിന്നും പിടിച്ചുകൊണ്ടുപോകേണം.

15 തന്‍റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

16 ഒരുത്തന്‍ ഒരാളെ മോഷ്‍ടിച്ചിട്ട് അവനെ വില്ക്കയാകട്ടെ അവന്‍റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം.

17 തന്‍റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

18 മനുഷ്യര്‍ തമ്മിൽ ശണ്ഠകൂടിയിട്ട് ഒരുത്തന്‍ മറ്റവനെ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ കുത്തിയതിനാൽ അവന്‍ മരിച്ചുപോകാതെ കിടപ്പിലാകയും

19 പിന്നെയും എഴുന്നേറ്റു വടിയൂന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും അവന്‍ അവന്‍റെ മിനക്കേടിനുവേണ്ടി കൊടുത്ത് അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.

20 ഒരുത്തന്‍ തന്‍റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.

21 എങ്കിലും അവന്‍ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുത്; അവന്‍ അവന്‍റെ മുതലല്ലോ.

22 മനുഷ്യര്‍ തമ്മിൽ ശണ്ഠകൂടിയിട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലങ്കിൽ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുംപോലെ അവന്‍ കൊടുക്കേണം.

23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവന്‍ കൊടുക്കേണം.

24 കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ;

25 പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണര്‍പ്പിനു പകരം തിണര്‍പ്പ്.

26 ഒരുത്തന്‍ അടിച്ചു തന്‍റെ ദാസന്‍റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവന്‍ കണ്ണിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

27 അവന്‍ തന്‍റെ ദാസന്‍റെയോ ദാസിയുടെയോ പല്ല് അടിച്ചുതകര്‍ത്താൽ അവന്‍ പല്ലിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

28 ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലറിഞ്ഞു കൊല്ലേണം; അതിന്‍റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍.

29 എന്നാൽ ആ കാള മുമ്പേതന്നെ കുത്തുന്നതായും ഉടമസ്ഥന്‍ അത് അറിഞ്ഞുമിരിക്കെ അവന്‍ അതിനെ സൂക്ഷിക്കായ്കകൊണ്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലറിഞ്ഞു കൊല്ലേണം; അതിന്‍റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.

30 ഉദ്ധാരണദ്രവ്യം അവന്‍റെമേൽ ചുമത്തിയാൽ തന്‍റെ ജീവന്‍റെ വീണ്ടെടുപ്പിനായി തന്‍റെമേൽ ചുമത്തിയതൊക്കെയും അവന്‍ കൊടുക്കേണം.

31 അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.

32 കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവന്‍ അവരുടെ ഉടമസ്ഥനു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.

33 ഒരുത്തന്‍ ഒരു കുഴി തുറന്നു വയ്ക്കുകയോ കുഴി കുഴിച്ച് അതിനെ മൂടാതിരിക്കയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,

34 കുഴിയുടെ ഉടമസ്ഥന്‍ വില കൊടുത്ത് അതിന്‍റെ യജമാനനു തൃപ്തി വരുത്തേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.

35 ഒരുത്തന്‍റെ കാള മറ്റൊരുത്തന്‍റെ കാളയെ കുത്തിയിട്ട് അതു ചത്തുപോയാൽ അവര്‍ ജീവനോടിരിക്കുന്ന കാളയെ വിറ്റ് അതിന്‍റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.

36 അല്ലെങ്കിൽ ആ കാള മുമ്പേതന്നെ കുത്തുന്നത് എന്ന് അറിഞ്ഞിട്ടും ഉടമസ്ഥന്‍ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവന്‍ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.

  • Exodus 20 — previous chapter
  • Exodus 22 — next chapter
  • Exodus 21 — English (KJV)
  • Exodus 21 — English (WEB)
  • Exodus 21 — Tamil (தமிழ்)
  • Exodus 21 — Hindi (हिंदी)
  • Exodus 21 — Kannada (ಕನ್ನಡ)