പുറപ്പാട് 17 (Exodus 17)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീന്‍മരുഭൂമിയിൽ നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.

2 അതുകൊണ്ട് ജനം മോശെയോട്: ഞങ്ങള്‍ക്കു കുടിപ്പാന്‍ വെള്ളം തരിക എന്നു കലഹിച്ചുപറഞ്ഞതിനു മോശെ അവരോട്: നിങ്ങള്‍ എന്നോട് എന്തിനു കലഹിക്കുന്നു? നിങ്ങള്‍ യഹോവയെ പരീക്ഷിക്കുന്നത് എന്ത് എന്നു പറഞ്ഞു.

3 ജനത്തിന് അവിടെവച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരേ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിനു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നത് എന്തിന് എന്നു പറഞ്ഞു.

4 മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിനു ഞാന്‍ എന്തു ചെയ്യേണ്ടൂ? അവര്‍ എന്നെ കല്ലെറിവാന്‍ പോകുന്നുവല്ലോ എന്നു പറഞ്ഞു.

5 യഹോവ മോശെയോട്: യിസ്രായേൽ മൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കൈയിൽ എടുത്തു ജനത്തിന്‍റെ മുമ്പാകെ കടന്നുപോക.

6 ഞാന്‍ ഹോറേബിൽ നിന്‍റെ മുമ്പാകെ പാറയുടെമേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിനു കുടിപ്പാന്‍ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽ മൂപ്പന്മാര്‍ കാണ്‍കെ മോശെ അങ്ങനെ ചെയ്തു.

7 യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്ന് അവര്‍ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍ ആ സ്ഥലത്തിനു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.

8 രെഫീദീമിൽവച്ച് അമാലേക് വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു.

9 അപ്പോള്‍ മോശെ യോശുവയോട്: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ട് അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ നാളെ കുന്നിന്മുകളിൽ ദൈവത്തിന്‍റെ വടി കൈയിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു.

10 മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിന്മുകളിൽ കയറി.

11 മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍ അമാലേക് ജയിക്കും.

12 എന്നാൽ മോശെയുടെ കൈക്കു ഭാരം തോന്നിയപ്പോള്‍ അവര്‍ ഒരു കല്ല് എടുത്തുവച്ചു, അവന്‍ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ ഇപ്പുറത്തും ഒരുത്തന്‍ അപ്പുറത്തും നിന്ന് അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യന്‍ അസ്തമിക്കുംവരെ ഉറച്ചുനിന്നു.

13 യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാളിന്‍റെ വായ്ത്തലയാൽ തോല്പിച്ചു.

14 യഹോവ മോശെയോട്: നീ ഇത് ഓര്‍മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേള്‍പ്പിക്ക; ഞാന്‍ അമാലേക്കിന്‍റെ ഓര്‍മ ആകാശത്തിന്‍റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.

15 പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിനു യഹോവ നിസ്സി (യഹോവ എന്‍റെ കൊടി) എന്നു പേരിട്ടു.

16 യഹോവയുടെ സിംഹാസനത്താണ യഹോവയ്ക്ക് അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടെന്ന് അവന്‍ പറഞ്ഞു.

  • Exodus 16 — previous chapter
  • Exodus 18 — next chapter
  • Exodus 17 — English (KJV)
  • Exodus 17 — English (WEB)
  • Exodus 17 — Tamil (தமிழ்)
  • Exodus 17 — Hindi (हिंदी)
  • Exodus 17 — Kannada (ಕನ್ನಡ)