പുറപ്പാട് 11 (Exodus 11)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യഹോവ മോശെയോട്: ഞാന്‍ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്‍റെശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോള്‍ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെനിന്ന് ഓടിച്ചുകളയും.

2 ഓരോ പുരുഷന്‍ താന്താന്‍റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്‍റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.

3 യഹോവ മിസ്രയീമ്യര്‍ക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്‍റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4 മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അര്‍ധരാത്രിയിൽ ഞാന്‍ മിസ്രയീമിന്‍റെ നടുവിൽകൂടി പോകും.

5 അപ്പോള്‍ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്‍റെ ആദ്യജാതന്‍മുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതന്‍വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂലൊക്കെയും മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലും ചത്തുപോകും.

6 മിസ്രയീംദേശത്ത് എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.

7 എന്നാൽ യഹോവ മിസ്രയീമ്യര്‍ക്കും യിസ്രായേല്യര്‍ക്കും മധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്‍റെയോ മൃഗത്തിന്‍റെയോ നേരേ ഒരു നായി പോലും നാവ് അനക്കുകയില്ല.

8 അപ്പോള്‍ നിന്‍റെ ഈ സകല ഭൃത്യന്മാരും എന്‍റെ അടുക്കൽ വന്ന്: നീയും നിന്‍റെ കീഴിൽ ഇരിക്കുന്ന സര്‍വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്‍റെശേഷം ഞാന്‍ പുറപ്പെടും. അങ്ങനെ അവന്‍ ഉഗ്രകോപത്തോടെ ഫറവോന്‍റെ അടുക്കൽനിന്നു പുറപ്പെട്ടുപോയി.

9 യഹോവ മോശെയോട്: മിസ്രയീംദേശത്ത് എന്‍റെ അദ്ഭുതങ്ങള്‍ പെരുകേണ്ടതിനു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്ന് അരുളിച്ചെയ്തു.

10 മോശെയും അഹരോനും ഈ അദ്ഭുതങ്ങളൊക്കെയും ഫറവോന്‍റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേൽമക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയച്ചതുമില്ല.

  • Exodus 10 — previous chapter
  • Exodus 12 — next chapter
  • Exodus 11 — English (KJV)
  • Exodus 11 — English (WEB)
  • Exodus 11 — Tamil (தமிழ்)
  • Exodus 11 — Hindi (हिंदी)
  • Exodus 11 — Kannada (ಕನ್ನಡ)