സഭാപ്രസംഗി 11 (Ecclesiastes 11)

Malayalam Bible — Malayalam (മലയാളം)

1 നിന്‍റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ട് നിനക്ക് അതു കിട്ടും;

2 ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്‍ക; ഭൂമിയിൽ എന്ത് അനര്‍ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.

3 മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തുതന്നെ കിടക്കും;

4 കാറ്റിനെ വിചാരിക്കുന്നവന്‍ വിതയ്ക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.

5 കാറ്റിന്‍റെ ഗതി എങ്ങോട്ടെന്നും ഗര്‍ഭിണിയുടെ ഉദരത്തിൽ അസ്ഥികള്‍ ഉരുവായ് വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളെ നീ അറിയുന്നില്ല.

6 രാവിലെ നിന്‍റെ വിത്തു വിതയ്ക്ക; വൈകുന്നേരത്ത് നിന്‍റെ കൈ ഇളച്ചിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

7 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു.

8 മനുഷ്യന്‍ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവന്‍ അതിലൊക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീര്‍ഘമായിരിക്കും എന്നും അവന്‍ ഓര്‍ത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായയത്രേ.

9 യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊള്‍ക; എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.

10 ആകയാൽ നിന്‍റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്‍റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ.

  • Ecclesiastes 10 — previous chapter
  • Ecclesiastes 12 — next chapter
  • Ecclesiastes 11 — English (KJV)
  • Ecclesiastes 11 — English (WEB)
  • Ecclesiastes 11 — Tamil (தமிழ்)
  • Ecclesiastes 11 — Hindi (हिंदी)
  • Ecclesiastes 11 — Kannada (ಕನ್ನಡ)