Malayalam Bible — Malayalam (മലയാളം)
1 നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളകയും
2 നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്.
3 അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്‍റെ പുത്രന്മാര്‍ക്ക് എടുക്കയോ ചെയ്യരുത്.
4 അന്യദൈവങ്ങളെ സേവിപ്പാന്‍ തക്കവണ്ണം അവര്‍ നിന്‍റെ പുത്രന്മാരെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.
5 ആകയാൽ നിങ്ങള്‍ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
6 നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ ഒരുവിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
7 നിങ്ങള്‍ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങള്‍ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്.
8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കൈയാൽ പുറപ്പെടുവിച്ച് അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കൈയിൽനിന്നു വീണ്ടെടുത്തത്.
9 ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നെ ദൈവം; അവന്‍ തന്നെ സത്യദൈവം എന്നു നീ അറിയേണം: അവന്‍ തന്നെ സ്നേഹിച്ച് തന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
10 തന്നെ പകയ്ക്കുന്നവരെ നശിപ്പിപ്പാന്‍ അവര്‍ക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകയ്ക്കുന്നവന് അവന്‍ താമസിയാതെ നേരിട്ട് പകരം കൊടുക്കും.
11 ആകയാൽ ഞാന്‍ ഇന്ന് നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം.
12 നിങ്ങള്‍ ഈ വിധികള്‍ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.
13 അവന്‍ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ചു വര്‍ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് നിന്‍റെ ഗര്‍ഭഫലവും നിന്‍റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.
14 നീ സകല ജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്‍റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
15 യഹോവ സകല രോഗവും നിങ്കൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്യാധികളിൽ ഒന്നും അവന്‍ നിന്‍റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.
16 നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈയിൽ ഏല്പിക്കുന്ന സകല ജാതികളെയും നീ മുടിച്ചു കളയേണം; നിനക്ക് അവരോടു കനിവു തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അതു നിനക്ക് കെണിയായിത്തീരും.
17 ഈ ജാതികള്‍ എന്നെക്കാള്‍ പെരുപ്പം ഉള്ളവര്‍; അവരെ നീക്കിക്കളവാന്‍ എനിക്ക് എങ്ങനെ കഴിയും എന്നു നീ നിന്‍റെ ഹൃദയത്തിൽ പറയുമായിരിക്കും.
18 എന്നാൽ അവരെ ഭയപ്പെടരുത്; നിന്‍റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി
19 നിന്‍റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അദ്ഭുതങ്ങളും നിന്‍റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കൈയും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓര്‍ക്കേണം; നീ പേടിക്കുന്ന സകല ജാതികളോടും നിന്‍റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്‍റെ മുമ്പിൽനിന്ന് ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്‍റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയയ്ക്കും.
21 നീ അവരെ കണ്ട് ഭ്രമിക്കരുത്; നിന്‍റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്.
22 ആ ജാതികളെ നിന്‍റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
23 നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്ക് മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്‍റെ കൈയിൽ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍കീഴിൽനിന്ന് ഇല്ലാതെയാക്കേണം.
24 അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്‍റെ മുമ്പിൽ നില്ക്കയില്ല.
25 അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ച് എടുത്തുകൊള്ളരുത്; അത് നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
26 നീയും അതുപോലെ ശാപമായിത്തീരാതിരിക്കേണ്ടതിന് അറപ്പായുള്ളത് നിന്‍റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് തീരെ അറപ്പുംവെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.