ആവർത്തനം 34 (Deuteronomy 34)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം മോശെ മോവാബുസമഭൂമിയിൽനിന്നു യെരീഹോവിനെതിരേയുള്ള നെബോപര്‍വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാന്‍വരെ ഗിലെയാദുദേശമൊക്കെയും

2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറേ കടൽവരെ യെഹൂദാദേശമൊക്കെയും തെക്കേദേശവും

3 ഈന്തനഗരമായ യെരീഹോവിന്‍റെ താഴ്വീതിമുതൽ സോവാര്‍വരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്‍റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതുതന്നെ; ഞാന്‍ അത് നിന്‍റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്ന് യഹോവ അവനോടു കല്പിച്ചു.

5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബുദേശത്തുവച്ചു മരിച്ചു.

6 അവന്‍ അവനെ മോവാബുദേശത്തു ബേത്ത്-പെയോരിനെതിരേയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

7 മോശെ മരിക്കുമ്പോള്‍ അവന് നൂറ്റിരുപതു വയസ്സായിരുന്നു; അവന്‍റെ കണ്ണു മങ്ങാതെയും അവന്‍റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.

8 യിസ്രായേൽമക്കള്‍ മോശെയെക്കുറിച്ചു മോവാബുസമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.

9 നൂന്‍റെ മകനായ യോശുവയെ മോശെ കൈവച്ചനുഗ്രഹിച്ചിരുന്നതുകൊണ്ട് അവന്‍ ജ്ഞാനാത്മപൂര്‍ണനായിത്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ അവനെ അനുസരിച്ചു.

10 എന്നാൽ മിസ്രയീംദേശത്ത് ഫറവോനോടും അവന്‍റെ സകല ഭൃത്യന്മാരോടും അവന്‍റെ സര്‍വദേശത്തോടും ചെയ്‍വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അദ്‌ഭുതങ്ങളും ഭുജവീര്യവും എല്ലാ യിസ്രായേലും കാണ്‍കെ

11 മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ

12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.

  • Deuteronomy 33 — previous chapter
  • Joshua 1 — next chapter
  • Deuteronomy 34 — English (KJV)
  • Deuteronomy 34 — English (WEB)
  • Deuteronomy 34 — Tamil (தமிழ்)
  • Deuteronomy 34 — Hindi (हिंदी)
  • Deuteronomy 34 — Kannada (ಕನ್ನಡ)