ആവർത്തനം 16 (Deuteronomy 16)

Malayalam Bible — Malayalam (മലയാളം)

1 ആബീബ്മാസം ആചരിച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ്മാസത്തിലല്ലോ നിന്‍റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്.

2 യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹായാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.

3 നീ മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട ദിവസത്തെ നിന്‍റെ ആയുഷ്കാലമൊക്കെയും ഓര്‍ക്കേണ്ടതിന് അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടു കൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടത്.

4 ഏഴു ദിവസം നിന്‍റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുത്.

5 നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവച്ച് പെസഹയെ അറുത്തുകൂടാ.

6 നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തുതന്നെ, സൂര്യന്‍ അസ്തമിക്കുമ്പോള്‍ പെസഹയെ അറുക്കേണം.

7 നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്‍റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

8 ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടേണം; അന്ന് വേലയൊന്നും ചെയ്യരുത്.

9 പിന്നെ ഏഴ് ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാള്‍ ഇടുവാന്‍ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചവട്ടം എണ്ണേണം.

10 എന്നിട്ട് നിന്‍റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ചു, നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനു തക്കവണ്ണം നിന്‍റെ സ്വമേധാദാനങ്ങള്‍ അവന് അര്‍പ്പിക്കേണം.

11 നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.

12 നീ മിസ്രയീമിൽ അടിമയായിരുന്നു എന്ന് ഓര്‍ത്ത് ഈ ചട്ടങ്ങള്‍ പ്രമാണിച്ചു നടക്കേണം.

13 കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ നീ ഏഴു ദിവസം കൂടാരപ്പെരുന്നാള്‍ ആചരിക്കേണം.

14 ഈ പെരുന്നാളിൽ നീയും നിന്‍റെ മകനും മകളും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.

15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാള്‍ ആചരിക്കേണം; നിന്‍റെ അനുഭവത്തിലൊക്കെയും നിന്‍റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

16 നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്‍റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുംകൈയായി വരരുത്.

17 നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തന്‍ താന്താന്‍റെ പ്രാപ്തിപോലെ കൊണ്ടുവരേണം.

18 നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം.

19 ന്യായം മറിച്ചുകളയരുത്; മുഖം നോക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു.

20 നീ ജീവിച്ചിരുന്ന് നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെത്തന്നെ പിന്തുടരേണം.

21 നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ പണിയുന്ന യാഗപീഠത്തിനരികെ യാതൊരു അശേരാപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്.

22 നിന്‍റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.

  • Deuteronomy 15 — previous chapter
  • Deuteronomy 17 — next chapter
  • Deuteronomy 16 — English (KJV)
  • Deuteronomy 16 — English (WEB)
  • Deuteronomy 16 — Tamil (தமிழ்)
  • Deuteronomy 16 — Hindi (हिंदी)
  • Deuteronomy 16 — Kannada (ಕನ್ನಡ)