ആവർത്തനം 11 (Deuteronomy 11)

Malayalam Bible — Malayalam (മലയാളം)

1 ആകയാൽ നിന്‍റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്‍റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.

2 നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്‍റെ മഹത്ത്വം, അവന്‍റെ ബലമുള്ള കൈ, അവന്‍റെ നീട്ടിയ ഭുജം,

3 അവന്‍ മിസ്രയീമിന്‍റെ മധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്‍റെ സകല ദേശത്തോടും ചെയ്ത അവന്‍റെ അടയാളങ്ങള്‍, അവന്‍റെ പ്രവൃത്തികള്‍,

4 അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവര്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചത്,

5 നിങ്ങള്‍ ഇവിടെ വരുവോളം മരുഭൂമിയിൽവച്ച് അവന്‍ നിങ്ങളോടു ചെയ്തത്,

6 അവന്‍ രൂബേന്‍റെ മകനായ എലീയാബിന്‍റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വായ്പിളര്‍ന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലാ യിസ്രായേല്യരുടെയും മധ്യേ അവര്‍ക്കുള്ള സകല ജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാന്‍ സംസാരിക്കുന്നത് എന്ന് നിങ്ങള്‍ ഇന്ന് അറിഞ്ഞുകൊള്‍വിന്‍.

7 യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.

8 ആകയാൽ നിങ്ങള്‍ ബലപ്പെടുവാനും നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും

9 യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശമായി പാലും തേനുമൊഴുകുന്ന ദേശത്ത് നിങ്ങള്‍ ദീര്‍ഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിന്‍.

10 നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശം പോലെയല്ല; അവിടെ നീ വിത്തു വിതച്ചിട്ട് പച്ചക്കറിത്തോട്ടംപോലെ നിന്‍റെ കാലുകൊണ്ടു നനയ്ക്കേണ്ടിവന്നു.

11 നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും നിന്‍റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു.

12 ആണ്ടിന്‍റെ ആരംഭംമുതൽ അവസാനംവരെ നിന്‍റെ ദൈവമായ യഹോവയുടെ ദൃഷ്‍ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.

13 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ട് ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്‍റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാൽ

14 ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാന്‍ തക്കസമയത്ത് നിങ്ങളുടെ ദേശത്തിനു വേണ്ടുന്ന മുന്മഴയും പിന്മഴയും പെയ്യിക്കും.

15 ഞാന്‍ നിന്‍റെ നിലത്ത് നിന്‍റെ നാല്ക്കാലികള്‍ക്കു പുല്ലു തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.

16 നിങ്ങളുടെ ഹൃദയത്തിനു ഭോഷത്തം പറ്റുകയും നിങ്ങള്‍ നേര്‍വഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.

17 അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരേ ജ്വലിച്ചിട്ട് മഴ പെയ്യാതിരിക്കേണ്ടതിന് അവന്‍ ആകാശത്തെ അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങള്‍ക്കു തരുന്ന നല്ല ദേശത്തുനിന്ന് നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.

18 ആകയാൽ നിങ്ങള്‍ എന്‍റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്‍ക്കു മധ്യേ പട്ടമായിരിക്കയും വേണം.

19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കള്‍ക്ക് അവയെ ഉപദേശിച്ചുകൊടുക്കേണം.

20 യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്

21 അവയെ നിന്‍റെ വീട്ടിന്‍റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം.

22 ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ എല്ലാ വഴികളിലും നടന്ന് അവനോടു ചേര്‍ന്നിരിക്കയും ചെയ്താൽ

23 യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങള്‍ കൈവശമാക്കും.

24 നിങ്ങളുടെ ഉള്ളംകാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്‍ക്ക് ആകും; നിങ്ങളുടെ അതിര്‍ മരുഭൂമിമുതൽ ലെബാനോന്‍വരെയും ഫ്രാത്ത്നദിമുതൽ പടിഞ്ഞാറേ കടൽവരെയും ആകും.

25 ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അവന്‍ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങള്‍ ചെല്ലുന്ന സകല ദിക്കിലും വരുത്തും.

26 ഇതാ, ഞാന്‍ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.

27 ഇന്നു ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും

28 നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.

29 നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നിന്‍റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവച്ച് അനുഗ്രഹവും ഏബാൽമലമേൽവച്ച് ശാപവും പ്രസ്താവിക്കേണം.

30 അവ ഗില്ഗാലിനെതിരായി മോരെതോപ്പിനരികെ അരാബായിൽ പാര്‍ക്കുന്ന കനാന്യരുടെ ദേശത്ത് യോര്‍ദ്ദാനക്കരെ പടിഞ്ഞാറല്ലോ ഉള്ളത്.

31 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നുചെന്ന് അതിനെ അടക്കി അവിടെ പാര്‍ക്കും.

32 ഞാന്‍ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.

  • Deuteronomy 10 — previous chapter
  • Deuteronomy 12 — next chapter
  • Deuteronomy 11 — English (KJV)
  • Deuteronomy 11 — English (WEB)
  • Deuteronomy 11 — Tamil (தமிழ்)
  • Deuteronomy 11 — Hindi (हिंदी)
  • Deuteronomy 11 — Kannada (ಕನ್ನಡ)