അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 28 (Acts 28)

Malayalam Bible — Malayalam (മലയാളം)

1 രക്ഷപെട്ടശേഷം ദ്വീപിന്‍റെ പേര്‍ മെലിത്ത എന്ന് ഞങ്ങള്‍ ഗ്രഹിച്ചു.

2 അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്ക് അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീകൂട്ടി ഞങ്ങളെയൊക്കെയും കൈക്കൊണ്ടു.

3 പൗലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പോള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ട് അവന്‍റെ കൈക്കു പറ്റി.

4 ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നത് ബര്‍ബരന്മാര്‍ കണ്ടപ്പോള്‍: ഈ മനുഷ്യന്‍ ഒരു കൊലപാതകന്‍ സംശയമില്ല; കടലില്‍നിന്നു രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്ന് തമ്മില്‍ പറഞ്ഞു.

5 അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞുകളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.

6 അവന്‍ വീര്‍ക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നുവച്ച് അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന് ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.

7 ആ സ്ഥലത്തിന്‍റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന്‍ ഞങ്ങളെ ചേര്‍ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്ക്കാരം ചെയ്തു.

8 പുബ്ലിയൊസിന്‍റെ അപ്പന്‍ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്‍റെ അടുക്കല്‍ അകത്തു ചെന്നു പ്രാര്‍ഥിച്ച് അവന്‍റെമേല്‍ കൈ വച്ചു സൗഖ്യം വരുത്തി.

9 ഇത് സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.

10 അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങള്‍ കപ്പല്‍ കയറുന്ന സമയം ആവശ്യമുള്ളത് കയറ്റിത്തന്നു.

11 മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപില്‍ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളൊരു അലെക്സന്ത്രിയ കപ്പലില്‍ ഞങ്ങള്‍ കയറി പുറപ്പെട്ടു,

12 സുറക്കൂസയില്‍ കരയ്ക്കിറങ്ങി മൂന്നു നാള്‍ പാര്‍ത്തു; അവിടെനിന്നു ചുറ്റി ഓടി രേഗ്യൊനില്‍ എത്തി.

13 ഒരു ദിവസം കഴിഞ്ഞിട്ടു തെക്കന്‍കാറ്റ് അടിച്ചതിനാല്‍ പിറ്റേന്നു പുത്യൊലിയില്‍ എത്തി.

14 അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാള്‍ താമസിക്കേണം എന്ന് അവര്‍ അപേക്ഷിച്ചു; പിന്നെ ഞങ്ങള്‍ റോമയില്‍ എത്തി.

15 അവിടത്തെ സഹോദരന്മാര്‍ ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൗലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

16 റോമയില്‍ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാര്‍പ്പാന്‍ പൗലൊസിന് അനുവാദം കിട്ടി.

17 മൂന്നു ദിവസം കഴിഞ്ഞിട്ട് അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞത്: സഹോദരന്മാരേ, ഞാന്‍ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമാക്കാരുടെ കൈയില്‍ ഏല്പിച്ചു.

18 അവര്‍ വിസ്തരിച്ചാറെ മരണയോഗ്യമായത് ഒന്നും എന്നില്‍ കാണായ്കയാല്‍ എന്നെ വിട്ടയപ്പാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു.

19 എന്നാല്‍ യെഹൂദന്മാര്‍ എതിര്‍പറകയാല്‍ ഞാന്‍ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്‍റെ ജാതിയുടെ നേരേ അന്യായം ബോധിപ്പിപ്പാന്‍ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.

20 ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവച്ചു ഞാന്‍ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്‍റെ പ്രത്യാശ നിമിത്തം ആകുന്നു ഞാന്‍ ഈ ചങ്ങല ചുമക്കുന്നത്.

21 അവര്‍ അവനോട്: നിന്‍റെ സംഗതിക്കു യെഹൂദ്യയില്‍നിന്നു ഞങ്ങള്‍ക്ക് എഴുത്തു വരികയോ സഹോദരന്മാരില്‍ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.

22 എങ്കിലും ഈ മതഭേദത്തിന് എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്‍റെ മതം ഇന്നത് എന്ന് നീതന്നെ പറഞ്ഞു കേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

23 ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോട് അവന്‍ ദൈവരാജ്യത്തിനു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവര്‍ക്കു ബോധം വരുമാറ് രാവിലെതുടങ്ങി സന്ധ്യവരെ വിവരിച്ചു.

24 അവന്‍ പറഞ്ഞത് ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല.

25 അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാല്‍:

26 “നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും

27 ഞാന്‍ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്ന് ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നത് ശരിതന്നെ.

28 ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്ക് അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്ന് നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.

29 അവന്‍ കൂലിക്കു വാങ്ങിയ വീട്ടില്‍ രണ്ടു സംവത്‍സരം മുഴുവന്‍ പാര്‍ത്തു, തന്‍റെ അടുക്കല്‍ വരുന്നവരെയൊക്കെയും കൈക്കൊണ്ടു

30 പൂര്‍ണപ്രാഗല്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.

  • Acts 27 — previous chapter
  • Romans 1 — next chapter
  • Acts 28 — English (KJV)
  • Acts 28 — English (WEB)
  • Acts 28 — Tamil (தமிழ்)
  • Acts 28 — Hindi (हिंदी)
  • Acts 28 — Kannada (ಕನ್ನಡ)