അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 18 (Acts 18)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.

2 യെഹൂദന്മാര്‍ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്ന് ക്ലൌദ്യൊസ് കല്പിച്ചതുകൊണ്ട് ഇത്തല്യയില്‍ നിന്ന് ആ ഇടയ്ക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളൊരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ട് അവരുടെ അടുക്കല്‍ ചെന്നു.

3 തൊഴില്‍ ഒന്നാകകൊണ്ട് അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.

4 എന്നാല്‍ ശബ്ബത്ത്തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

5 ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തി പൂണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദന്മാര്‍ക്ക് സാക്ഷീകരിച്ചു.

6 അവര്‍ എതിര്‍ പറകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിനു നിങ്ങള്‍തന്നെ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍: ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്ന് അവരോട് പറഞ്ഞു.

7 അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീടു പള്ളിയോടു തൊട്ടിരുന്നു.

8 പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.

9 രാത്രിയില്‍ കര്‍ത്താവ് ദര്‍ശനത്തില്‍ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്;

10 ഞാന്‍ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ കൈയേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ട് എന്ന് അരുളിച്ചെയ്തു.

11 അങ്ങനെ അവന്‍ ഒരാണ്ടും ആറു മാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.

12 ഗല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൗലൊസിന്‍റെ നേരേ ഒരുമനപ്പെട്ട് എഴുന്നേറ്റു, അവനെ ന്യായാസനത്തിന്‍റെ മുമ്പാകെ കൊണ്ടുചെന്നു:

13 ഇവന്‍ ന്യായപ്രമാണത്തിനു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

14 പൗലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.

15 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍തന്നെ നോക്കിക്കൊള്‍വിന്‍; ഈ വകയ്ക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞ്

16 അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.

17 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്‍റെ മുമ്പില്‍വച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.

18 പൗലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍വച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ട്

19 എഫെസൊസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.

20 കുറെക്കൂടെ താമസിക്കേണം എന്ന് അവര്‍ അപേക്ഷിച്ചിട്ട് അവന്‍ സമ്മതിക്കാതെ:

21 ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി,

22 കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി.

23 അവിടെ കുറെനാള്‍ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു.

24 അലെക്സന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളൊരു യെഹൂദന്‍ എഫെസൊസില്‍ എത്തി.

25 അവന്‍ കര്‍ത്താവിന്‍റെ മാര്‍ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്‍റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.

26 അവന്‍ പള്ളിയില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്‍റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ട് ദൈവത്തിന്‍റെ മാര്‍ഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു.

27 അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാര്‍ക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കു വളരെ പ്രയോജനമായിത്തീര്‍ന്നു.

28 യേശുതന്നെ ക്രിസ്തു എന്ന് അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

  • Acts 17 — previous chapter
  • Acts 19 — next chapter
  • Acts 18 — English (KJV)
  • Acts 18 — English (WEB)
  • Acts 18 — Tamil (தமிழ்)
  • Acts 18 — Hindi (हिंदी)
  • Acts 18 — Kannada (ಕನ್ನಡ)