അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16 (Acts 16)

Malayalam Bible — Malayalam (മലയാളം)

1 അവന്‍ ദെര്‍ബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്‍റെ അപ്പന്‍ യവനനായിരുന്നു.

2 അവന്‍ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല്‍ നല്ല സാക്ഷ്യം കൊണ്ടവന്‍ ആയിരുന്നു.

3 അവന്‍ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്‍റെ അപ്പന്‍ യവനന്‍ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു.

4 അവര്‍ പട്ടണംതോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്‍ണയങ്ങള്‍ പ്രമാണിക്കേണ്ടതിന് അവര്‍ക്ക് ഏല്പിച്ചുകൊടുത്തു.

5 അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറയ്ക്കയും എണ്ണത്തില്‍ ദിവസേന പെരുകുകയും ചെയ്തു.

6 അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു,

7 മുസ്യയില്‍ എത്തി ബിഥുന്യയ്ക്കു പോകുവാന്‍ ശ്രമിച്ചു; യേശുവിന്‍റെ ആത്മാവോ അവരെ സമ്മതിച്ചില്ല .

8 അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.

9 അവിടെവച്ചു പൗലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.

10 ഈ ദര്‍ശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.

11 അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരേ സമൊത്രാക്കെയിലേക്കും പിറ്റന്നാള്‍ നവപൊലിക്കും അവിടെനിന്നു ഫിലിപ്പിയിലേക്കും ചെന്നു.

12 ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.

13 ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിനു പുറത്തേക്കു പോയി അവിടെ പ്രാര്‍ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്ത് ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.

14 തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയാ എന്നു പേരുള്ള ദൈവഭക്തയായൊരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിനു കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.

15 അവളും കുടുംബവും സ്നാനം ഏറ്റശേഷം: നിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്ന് എണ്ണിയിരിക്കുന്നുവെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്ന് അപേക്ഷിച്ചു ഞങ്ങളെ നിര്‍ബന്ധിച്ചു.

16 ഞങ്ങള്‍ പ്രാര്‍ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.

17 അവള്‍ പൗലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗം നിങ്ങളോട് അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.

18 ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍തന്നെ അത് അവളെ വിട്ടുപോയി.

19 അവളുടെ യജമാനന്മാര്‍ തങ്ങളുടെ ലാഭത്തിന്‍റെ ആശ പൊയ്പോയത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി

20 അധിപതികളുടെ മുമ്പില്‍ നിറുത്തി: യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,

21 റോമക്കാരായ നമുക്ക് അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

22 പുരുഷാരവും അവരുടെ നേരേ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ട് അവരെ അടിപ്പാന്‍ കല്പിച്ചു.

23 അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാപ്പാന്‍ കല്പിച്ചു.

24 അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.

25 അര്‍ധരാത്രിക്കു പൗലൊസും ശീലാസും പ്രാര്‍ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

26 പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.

27 കാരാഗൃഹപ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നത് കണ്ടിട്ടു ചങ്ങലക്കാര്‍ ഓടിപ്പൊയ്ക്കളഞ്ഞു എന്ന് ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.

28 അപ്പോള്‍ പൗലൊസ്: നിനക്ക് ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

29 അവന്‍ വെളിച്ചം ചോദിച്ച് അകത്തേക്കു ചാടി വിറച്ചുംകൊണ്ടു പൗലൊസിന്‍റെയും ശീലാസിന്‍റെയും മുമ്പില്‍ വീണു.

30 അവരെ പുറത്തു കൊണ്ടുവന്ന്: യജമാനന്മാരേ, രക്ഷപ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്ന് ചോദിച്ചു.

31 കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവര്‍ പറഞ്ഞു.

32 പിന്നെ അവര്‍ കര്‍ത്താവിന്‍റെ വചനം അവനോടും അവന്‍റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

33 അവന്‍ രാത്രിയില്‍, ആ നാഴികയില്‍തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

34 പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ട് അവര്‍ക്കു ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.

35 നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയയ്ക്കേണം എന്നു പറയിച്ചു.

36 കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: നിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.

37 പൗലൊസ് അവരോട്: റോമാപൗരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നെ വന്ന് ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.

38 കോല്ക്കാര്‍ ആ വാക്ക് അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമാപൗരന്മാര്‍ എന്നു കേട്ട് അവര്‍ ഭയപ്പെട്ടു

39 ചെന്ന് അവരോട് നല്ല വാക്കു പറഞ്ഞ് അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചു.

40 അവര്‍ തടവു വിട്ടു ലുദിയായുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ട് ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടുപോയി.

  • Acts 15 — previous chapter
  • Acts 17 — next chapter
  • Acts 16 — English (KJV)
  • Acts 16 — English (WEB)
  • Acts 16 — Tamil (தமிழ்)
  • Acts 16 — Hindi (हिंदी)
  • Acts 16 — Kannada (ಕನ್ನಡ)