അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 11 (Acts 11)

Malayalam Bible — Malayalam (മലയാളം)

1 ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.

2 പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോട് വാദിച്ചു:

3 നീ അഗ്രചര്‍മികളുടെ അടുക്കല്‍ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.

4 പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോട് വിവരിച്ചുപറഞ്ഞത്:

5 ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരു ദര്‍ശനം കണ്ടു: ആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു.

6 അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:

7 പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു.

8 അതിന് ഞാന്‍: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.

9 ആ ശബ്ദം പിന്നെയും ആകാശത്തില്‍നിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.

10 ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

11 അപ്പോള്‍തന്നെ കൈസര്യയില്‍നിന്ന് എന്‍റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്‍റെ മുമ്പില്‍ നിന്നിരുന്നു;

12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്‍റെ വീട്ടില്‍ ചെന്നു.

13 അവന്‍ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;

14 നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്ന് ദൂതന്‍ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.

15 ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെമേലും വന്നു.

16 അപ്പോള്‍ ഞാന്‍: യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വാക്ക് ഓര്‍ത്തു.

17 ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍?

18 അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നു: അങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.

19 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.

20 അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്യയില്‍ എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.

21 കര്‍ത്താവിന്‍റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്ക് തിരിഞ്ഞു.

22 അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു.

23 അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നു നില്പാന്‍ തക്കവണ്ണം പ്രബോധിപ്പിച്ചു.

24 അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കര്‍ത്താവിനോടു ചേര്‍ന്നു.

25 അവന്‍ ശൗലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.

26 അവര്‍ ഒരു സംവത്‍സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്യയില്‍വച്ചു ശിഷ്യന്മാര്‍ക്കു ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.

27 ആ കാലത്തു യെരൂശലേമില്‍നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്യയിലേക്കു വന്നു.

28 അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്‍റെ കാലത്തു സംഭവിച്ചു.

29 അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഓരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു.

30 അവര്‍ അതു നടത്തി, ബര്‍ന്നബാസിന്‍റെയും ശൗലിന്‍റെയും കൈയില്‍ മൂപ്പന്മാര്‍ക്കു കൊടുത്തയച്ചു.

  • Acts 10 — previous chapter
  • Acts 12 — next chapter
  • Acts 11 — English (KJV)
  • Acts 11 — English (WEB)
  • Acts 11 — Tamil (தமிழ்)
  • Acts 11 — Hindi (हिंदी)
  • Acts 11 — Kannada (ಕನ್ನಡ)