2 ശമൂവേൽ 18 (2 Samuel 18)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്‍ക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.

2 ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്ക് യോവാബിന്‍റെ കൈക്കീഴും മൂന്നിൽ ഒരു പങ്ക് സെരൂയയുടെ മകനും യോവാബിന്‍റെ സഹോദരനുമായ അബീശായിയുടെ കൈക്കീഴും, മൂന്നിൽ ഒരു പങ്ക് ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവ് ജനത്തോടു പറഞ്ഞു.

3 എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങള്‍ തോറ്റോടി എന്നു വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേര്‍ പട്ടുപോയി എന്നു വരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേര്‍ക്കു തുല്യന്‍. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങള്‍ക്കു സഹായം ചെയ്യുന്നതു നല്ലത് എന്നു പറഞ്ഞു.

4 രാജാവ് അവരോട്: നിങ്ങള്‍ക്ക് ഉത്തമം എന്നു തോന്നുന്നത് ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.

5 അബ്ശാലോംകുമാരനോട് എന്നെ ഓര്‍ത്തു കനിവോടെ പെരുമാറുവിന്‍ എന്നു രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള്‍ ജനമെല്ലാം കേട്ടു.

6 പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്‍റെ നേരേ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ചു പടയുണ്ടായി.

7 യിസ്രായേൽജനം ദാവീദിന്‍റെ ചേവകരോടു തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേര്‍ പട്ടുപോയി.

8 പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിനിരയായതിലും അധികം പേര്‍ വനത്തിനിരയായിത്തീര്‍ന്നു.

9 അബ്ശാലോം ദാവീദിന്‍റെ ചേവകര്‍ക്ക് എതിര്‍പ്പെട്ടു; അബ്ശാലോം കോവര്‍കഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോള്‍ കോവര്‍കഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിന്‍കീഴെ എത്തി; അവന്‍റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ട് അവന്‍ ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങി; അവന്‍റെ കീഴിൽനിന്നു കോവര്‍കഴുത ഓടിപ്പോയി.

10 ഒരുത്തന്‍ അതു കണ്ടിട്ട്: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു എന്നു യോവാബിനോട് അറിയിച്ചു.

11 യോവാബ് തന്നെ അറിയിച്ചവനോട്: നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാന്‍ നിനക്കു പത്തു ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.

12 അവന്‍ യോവാബിനോടു പറഞ്ഞത്: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്‍റെ നേരേ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചത്.

13 അല്ല, ഞാന്‍ അവന്‍റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ-രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ-നീ തന്നെ എന്നോട് അകന്നു നില്ക്കുമായിരുന്നു.

14 എന്നാൽ യോവാബ്: ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കൈയിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോള്‍ തന്നെ അവയെ അവന്‍റെ നെഞ്ചിനകത്തു കുത്തിക്കടത്തി.

15 യോവാബിന്‍റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.

16 പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവര്‍ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടു മടങ്ങി.

17 അബ്ശാലോമിനെ അവര്‍ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്‍റെമേൽ ഏറ്റവും വലിയൊരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്‍റെ വീട്ടിലേക്ക് ഓടിപ്പോയി.

18 അബ്ശാലോം ജീവനോടിരുന്ന സമയം: എന്‍റെ പേര്‍ നിലനിര്‍ത്തേണ്ടതിന് എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിനു തന്‍റെ പേര്‍ വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്‍റെ ജ്ഞാപകസ്തംഭം എന്നു പറഞ്ഞുവരുന്നു.

19 അനന്തരം സാദോക്കിന്‍റെ മകനായ അഹീമാസ്: ഞാന്‍ ഓടിച്ചെന്നു രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.

20 യോവാബ് അവനോട്: നീ ഇന്നു സദ്വര്‍ത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്‍ത്തമാനം കൊണ്ടുപോകാം; രാജകുമാരന്‍ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്‍ത്തമാനദൂതനാകയില്ല എന്നു പറഞ്ഞു.

21 പിന്നെ യോവാബ് കൂശ്യനോട്: നീ കണ്ടതു രാജാവിനെ ചെന്ന് അറിയിക്ക എന്നു പറഞ്ഞു. കൂശ്യന്‍ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്‍റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: ഏതായാലും ഞാനും കൂശ്യന്‍റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.

22 അതിനു യോവാബ്: എന്‍റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.

23 അവന്‍ പിന്നെയും: ഏതായാലും ഞാന്‍ ഓടും എന്നു പറഞ്ഞതിന്, എന്നാൽ ഓടിക്കൊള്‍ക എന്ന് അവന്‍ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.

24 എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരന്‍ പടിവാതിലിനു മീതെ മതിലിന്‍റെ മുകളിൽ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ച് ഓടി വരുന്നതു കണ്ടു.

25 കാവൽക്കാരന്‍ രാജാവിനോടു വിളിച്ച് അറിയിച്ചു. അവന്‍ ഏകന്‍ എങ്കിൽ സദ്വര്‍ത്തമാനവും കൊണ്ടാകുന്നു വരുന്നത് എന്നു രാജാവ് പറഞ്ഞു. അവന്‍ നടന്നടുത്തു.

26 പിന്നെ കാവൽക്കാരന്‍ മറ്റൊരുത്തന്‍ ഓടി വരുന്നതു കണ്ടു; കാവൽക്കാരന്‍ വാതിൽ കാക്കുന്നവനോട്: ഇതാ, പിന്നെയും ഒരു ആള്‍ തനിച്ച് ഓടി വരുന്നു എന്നു വിളിച്ചുപറഞ്ഞു. അവനും സദ്വര്‍ത്തമാനദൂതനാകുന്നു എന്നു രാജാവ് പറഞ്ഞു.

27 ഒന്നാമത്തവന്‍റെ ഓട്ടം സാദോക്കിന്‍റെ മകനായ അഹീമാസിന്‍റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരന്‍ പറഞ്ഞു. അതിനു രാജാവ്: അവന്‍ നല്ലവന്‍; നല്ല വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

28 അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചുപറഞ്ഞു രാജാവിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്‍റെ നേരേ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.

29 അപ്പോള്‍ രാജാവ് അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അഹീമാസ്: യോവാബ് രാജാവിന്‍റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോള്‍ വലിയൊരു കലഹം കണ്ടു; എന്നാൽ അത് എന്തെന്നു ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞു.

30 നീ അവിടെ മാറിനില്ക്ക എന്നു രാജാവ് പറഞ്ഞു. അവന്‍ മാറിനിന്നു.

31 ഉടനെ കൂശ്യന്‍ വന്നു: യജമാനനായ രാജാവിന് ഇതാ നല്ല വര്‍ത്തമാനം; നിന്നോട് എതിര്‍ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.

32 അപ്പോള്‍ രാജാവ് കൂശ്യനോട്: അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു കൂശ്യന്‍ യജമാനനായ രാജാവിന്‍റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.

33 ഉടനെ രാജാവ് നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്‍റെ മകനേ, അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.

  • 2 Samuel 17 — previous chapter
  • 2 Samuel 19 — next chapter
  • 2 Samuel 18 — English (KJV)
  • 2 Samuel 18 — English (WEB)
  • 2 Samuel 18 — Tamil (தமிழ்)
  • 2 Samuel 18 — Hindi (हिंदी)
  • 2 Samuel 18 — Kannada (ಕನ್ನಡ)