2 ശമൂവേൽ 15 (2 Samuel 15)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്‍റെ മുമ്പിൽ ഓടുവാന്‍ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.

2 അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതിൽക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്‍റെ അടുക്കൽ വിസ്താരത്തിനായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ച്: നീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലിൽ ഇന്ന ഗോത്രക്കാരന്‍ എന്ന്

3 അവന്‍ പറയുമ്പോള്‍ അബ്ശാലോം അവനോട്: നിന്‍റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്‍റെ കാര്യം കേള്‍പ്പാന്‍ രാജാവ് ആരെയും കല്പിച്ചാക്കിയിട്ടില്ലല്ലോ എന്നു പറയും.

4 ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്‍റെ അടുക്കൽ വന്നിട്ട് ഞാന്‍ അവര്‍ക്കു ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.

5 ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാൽ അവന്‍ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.

6 രാജാവിന്‍റെ അടുക്കൽ ന്യായവിസ്താരത്തിനു വരുന്ന എല്ലാ യിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.

7 നാലു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞത്: ഞാന്‍ യഹോവയ്ക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.

8 യഹോവ എന്നെ യെരൂശലേമിലേക്കു മടക്കി വരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയന്‍ അരാമിലെ ഗെശൂരിൽ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.

9 രാജാവ് അവനോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.

10 എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.

11 അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു; അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ഥതയിലായിരുന്നു പോയത്.

12 അബ്ശാലോം യാഗം കഴിക്കുമ്പോള്‍ ദാവീദിന്‍റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്‍റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്‍റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിനു ബലം ഏറിവന്നു.

13 അനന്തരം ഒരു ദൂതന്‍ ദാവീദിന്‍റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു.

14 അപ്പോള്‍ ദാവീദ് യെരൂശലേമിൽ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും: നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്‍റെ കൈയിൽനിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്ക് അനര്‍ഥം വരുത്തുകയും പട്ടണത്തെ വാളിന്‍റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിനു ക്ഷണത്തിൽ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.

15 രാജഭൃത്യന്മാര്‍ രാജാവിനോട്: യജമാനനായ രാജാവിന്‍റെ ഹിതമൊക്കെയും അടിയങ്ങള്‍ക്കു സമ്മതം എന്നു പറഞ്ഞു.

16 അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്‍റെ ഗൃഹമൊക്കെയും അവനെ പിന്‍ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാന്‍ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.

17 ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവര്‍ ബേത്ത്-മെര്‍ഹാക്കിൽ നിന്നു;

18 അവന്‍റെ സകല ഭൃത്യന്മാരും അവന്‍റെ അരികത്തുകൂടി കടന്നുപോയി; എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറു പേരായ എല്ലാ ഗിത്യരും രാജാവിന്‍റെ മുമ്പാകെ കടന്നുപോയി.

19 രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതെന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതെന്തിന്? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാര്‍ക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്‍റെ സ്ഥലത്തേക്കു തന്നെ പൊയ്ക്കൊള്‍ക;

20 നീ ഇന്നലെ വന്നതേയുള്ളൂ; ഇന്നു ഞാന്‍ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാന്‍ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്‍റെ സഹോദരന്മാരെയുംകൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.

21 അതിന് ഇത്ഥായി രാജാവിനോട്: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.

22 ദാവീദ് ഇത്ഥായിയോട്: നീ കൂടെപ്പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്‍റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.

23 ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപോയി; രാജാവും കിദ്രോന്‍തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി.

24 സാദോക്കും അവനോടുകൂടെ ദൈവത്തിന്‍റെ നിയമപെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവര്‍ ദൈവത്തിന്‍റെ പെട്ടകം താഴെ വച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാര്‍ മല കയറിച്ചെന്നു.

25 രാജാവ് സാദോക്കിനോട്: നീ ദൈവത്തിന്‍റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോടു കൃപ തോന്നിയാൽ അവന്‍ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാണ്‍മാന്‍ എനിക്ക് ഇടയാകും.

26 അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്ന് അവന്‍ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാന്‍ ഒരുക്കം; അവന്‍ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.

27 രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: ദര്‍ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്‍, നിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

28 എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവര്‍ത്തമാനം കിട്ടുംവരെ ഞാന്‍ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.

29 അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്‍റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.

30 ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു.

31 അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന് അറിവുകിട്ടിയപ്പോള്‍: യഹോവേ, അഹീഥോഫെലിന്‍റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.

32 പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ട് അവന് എതിരേ വരുന്നതു കണ്ടു. അവനോടു ദാവീദ് പറഞ്ഞത്:

33 നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.

34 എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: രാജാവേ, ഞാന്‍ നിന്‍റെ ദാസനായിരുന്നു കൊള്ളാം; ഞാന്‍ ഇതുവരെ നിന്‍റെ അപ്പന്‍റെ ദാസന്‍ ആയിരുന്നതുപോലെ ഇപ്പോള്‍ നിന്‍റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്‍റെ ആലോചനയെ വ്യര്‍ഥമാക്കുവാന്‍ കഴിയും.

35 അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്നു കേള്‍ക്കുന്ന വര്‍ത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.

36 അവിടെ അവരോടുകൂടെ അവരുടെ രണ്ടു പുത്രന്മാര്‍, സാദോക്കിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും ഉണ്ട്; നിങ്ങള്‍ കേള്‍ക്കുന്ന വര്‍ത്തമാനമൊക്കെയും അവര്‍ മുഖാന്തരം എന്നെ അറിയിപ്പിന്‍.

37 അങ്ങനെ ദാവീദിന്‍റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.

  • 2 Samuel 14 — previous chapter
  • 2 Samuel 16 — next chapter
  • 2 Samuel 15 — English (KJV)
  • 2 Samuel 15 — English (WEB)
  • 2 Samuel 15 — Tamil (தமிழ்)
  • 2 Samuel 15 — Hindi (हिंदी)
  • 2 Samuel 15 — Kannada (ಕನ್ನಡ)