2 ശമൂവേൽ 11 (2 Samuel 11)

Malayalam Bible — Malayalam (മലയാളം)

1 പിറ്റേ ആണ്ടിൽ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്‍റെ ചേവകരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.

2 ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

3 ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവള്‍ എലീയാമിന്‍റെ മകളും ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയുമായ ബത്ത്-ശേബ എന്ന് അറിഞ്ഞു.

4 ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവള്‍ അവന്‍റെ അടുക്കൽ വന്നു; അവള്‍ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവന്‍ അവളോടുകൂടെ ശയിച്ചു; അവള്‍ തന്‍റെ വീട്ടിലേക്കു മടങ്ങിപ്പോയി.

5 ആ സ്ത്രീ ഗര്‍ഭം ധരിച്ചു, താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നു ദാവീദിനു വര്‍ത്തമാനം അയച്ചു.

6 അപ്പോള്‍ ദാവീദ് ഹിത്യനായ ഊരീയാവെ തന്‍റെ അടുക്കൽ അയപ്പാന്‍ യോവാബിനു കല്പന അയച്ചു.

7 ഊരീയാവ് തന്‍റെ അടുക്കൽ വന്നപ്പോള്‍ ദാവീദ് അവനോടു യോവാബിന്‍റെയും പടജ്ജനത്തിന്‍റെയും സുഖവര്‍ത്തമാനവും യുദ്ധത്തിന്‍റെ വസ്തുതയും ചോദിച്ചു.

8 പിന്നെ ദാവീദ് ഊരീയാവോട്: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോള്‍ രാജാവിന്‍റെ സമ്മാനം അവന്‍റെ പിന്നാലെ ചെന്നു.

9 ഊരീയാവോ തന്‍റെ വീട്ടിൽ പോകാതെ യജമാനന്‍റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി.

10 ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോള്‍ ദാവീദ് ഊരീയാവിനോട്: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്‍റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു.

11 ഊരീയാവ് ദാവീദിനോട്: പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്‍റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്‍റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്‍റെ ജീവനാണ, അതു ഞാന്‍ ചെയ്കയില്ല എന്നു പറഞ്ഞു.

12 അപ്പോള്‍ ദാവീദ് ഊരീയാവിനോട്: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയയ്ക്കും എന്നു പറഞ്ഞു. അങ്ങനെ ഊരീയാവ് അന്നും യെരൂശലേമിൽ താമസിച്ചു.

13 പിറ്റന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്‍റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു; അവന്‍ അവനെ ലഹരി പിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്‍റെ ഭൃത്യന്മാരോടുകൂടെ തന്‍റെ വിരിപ്പിൽ കിടന്നു.

14 രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്‍റെ കൈയിൽ കൊടുത്തയച്ചു.

15 എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിന്‍ എന്ന് എഴുതിയിരുന്നു.

16 അങ്ങനെ തന്നെ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കിയിട്ട് ശൂരന്മാര്‍ നില്ക്കുന്നതായി കണ്ട സ്ഥലത്ത് ഊരീയാവെ നിര്‍ത്തി.

17 പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പടവെട്ടിയപ്പോള്‍ ദാവീദിന്‍റെ ചേവകരായ പടജ്ജനത്തിൽ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരീയാവും മരിച്ചു.

18 പിന്നെ യോവാബ് ആ യുദ്ധവര്‍ത്തമാനമൊക്കെയും ദാവീദിനോട് അറിയിപ്പാന്‍ ആളയച്ചു.

19 അവന്‍ ദൂതനോടു കല്പിച്ചത് എന്തെന്നാൽ: നീ യുദ്ധ വര്‍ത്തമാനമൊക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള്‍ രാജാവിന്‍റെ കോപം ജ്വലിച്ചു:

20 നിങ്ങള്‍ പട്ടണത്തോട് ഇത്ര അടുത്തുചെന്നു പടവെട്ടിയത് എന്ത്? മതിലിന്മേൽനിന്ന് അവര്‍ എയ്യുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടയോ?

21 യെരൂബ്ബേശെത്തിന്‍റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്‍? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരികല്ലിന്‍പിള്ള അവന്‍റെമേൽ ഇട്ടതുകൊണ്ടല്ലയോ അവന്‍ തേബെസിൽവച്ചു മരിച്ചത്? നിങ്ങള്‍ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത് എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്‍റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.

22 ദൂതന്‍ ചെന്നു യോവാബ് പറഞ്ഞയച്ച വര്‍ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.

23 ദൂതന്‍ ദാവീദിനോടു പറഞ്ഞത് എന്തെന്നാൽ: ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരേ പുറപ്പെട്ടു വന്നതിനാൽ ഞങ്ങള്‍ പട്ടണവാതിൽക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.

24 അപ്പോള്‍ വില്ലാളികള്‍ മതിലിന്മേൽനിന്നു നിന്‍റെ ചേവകരെ എയ്തു, രാജാവിന്‍റെ ചേവകരിൽ ചിലര്‍ പട്ടുപോയി, നിന്‍റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.

25 അതിനു ദാവീദ് ദൂതനോട്: ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്‍റെ നേരേ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞ് അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.

26 ഊരീയാവിന്‍റെ ഭാര്യ തന്‍റെ ഭര്‍ത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചു വിലപിച്ചു.

27 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ അരമനയിൽ വരുത്തി; അവള്‍ അവന്‍റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു.

  • 2 Samuel 10 — previous chapter
  • 2 Samuel 12 — next chapter
  • 2 Samuel 11 — English (KJV)
  • 2 Samuel 11 — English (WEB)
  • 2 Samuel 11 — Tamil (தமிழ்)
  • 2 Samuel 11 — Hindi (हिंदी)
  • 2 Samuel 11 — Kannada (ಕನ್ನಡ)