2 രാജാക്കന്മാർ 7 (2 Kings 7)

Malayalam Bible — Malayalam (മലയാളം)

1 അപ്പോള്‍ എലീശാ: യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന് അവന്‍: നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു.

3 അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവര്‍ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?

4 പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിരിക്കകൊണ്ടു നാം അവിടെവച്ചു മരിക്കും; ഇവിടെ പാര്‍ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവര്‍ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവര്‍ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളൂ എന്നു പറഞ്ഞു.

5 അങ്ങനെ അവര്‍ അരാംപാളയത്തിൽ പോകുവാന്‍ സന്ധ്യാസമയത്തു പുറപ്പെട്ട് അരാംപാളയത്തിന്‍റെ അറ്റത്തു വന്നപ്പോള്‍ അവിടെ ആരെയും കാണ്‍മാനില്ല.

6 കര്‍ത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ട് അവര്‍ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരേ വരേണ്ടതിനു യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

7 അതുകൊണ്ട് അവര്‍ സന്ധ്യാസമയത്തുതന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോയി.

8 ആ കുഷ്ഠരോഗികള്‍ പാളയത്തിന്‍റെ അറ്റത്ത് എത്തി ഒരു കൂടാരത്തിനകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിനകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.

9 പിന്നെ അവര്‍ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്‍ത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റംവരും; ആകയാൽ വരുവിന്‍; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.

10 അങ്ങനെ അവര്‍ പട്ടണവാതിൽക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: ഞങ്ങള്‍ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്‍റെയും ശബ്ദം കേള്‍പ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു.

11 അവന്‍ കാവല്ക്കാരെ വിളിച്ചു; അവര്‍ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.

12 രാജാവ് രാത്രിയിൽതന്നെ എഴുന്നേറ്റു ഭൃത്യന്മാരോട്: അരാമ്യര്‍ നമ്മോട് ഇച്ചെയ്തത് എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവര്‍ അറിഞ്ഞിട്ട്: അവര്‍ പട്ടണത്തിൽനിന്നു പുറത്തുവരും; അപ്പോള്‍ നമുക്ക് അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറച്ച് അവര്‍ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.

13 അതിന് അവന്‍റെ ഭൃത്യന്മാരിൽ ഒരുത്തന്‍: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്‍റെ സകല പുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്‍റെ സകല പുരുഷാരവും എന്നപോലെ ഇരിക്കും എന്ന് ഉത്തരം പറഞ്ഞു.

14 അങ്ങനെ അവര്‍ രണ്ടു രഥം കുതിരയെ കെട്ടിക്കൊണ്ടു വന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്‍റെ പിന്നാലെ അയച്ചു: നിങ്ങള്‍ ചെന്നു നോക്കുവിന്‍ എന്നു കല്പിച്ചു.

15 അവര്‍ യോര്‍ദ്ദാന്‍വരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യര്‍ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റുസാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.

16 അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു.

17 രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവ് ദൈവപുരുഷന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരിച്ചുപോയി.

18 നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിനു രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍

19 ഈ അകമ്പടിനായകന്‍ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന് അവന്‍: നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.

20 അവ്വണ്ണംതന്നെ അവനു ഭവിച്ചു; പടിവാതിൽക്കൽ വച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന്‍ മരിച്ചുപോയി.

  • 2 Kings 6 — previous chapter
  • 2 Kings 8 — next chapter
  • 2 Kings 7 — English (KJV)
  • 2 Kings 7 — English (WEB)
  • 2 Kings 7 — Tamil (தமிழ்)
  • 2 Kings 7 — Hindi (हिंदी)
  • 2 Kings 7 — Kannada (ಕನ್ನಡ)