2 രാജാക്കന്മാർ 4 (2 Kings 4)

Malayalam Bible — Malayalam (മലയാളം)

1 പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവു മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

2 എലീശാ അവളോട്: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവള്‍ പറഞ്ഞു.

3 അതിന് അവന്‍: നീ ചെന്നു നിന്‍റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുത്.

4 പിന്നെ നീയും നിന്‍റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകര്‍ന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു.

5 അവള്‍ അവനെ വിട്ടു ചെന്നു തന്‍റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവര്‍ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു.

6 പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്‍റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.

7 അവള്‍ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.

8 ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിനു വരേണം എന്നു നിര്‍ബന്ധിച്ചു. പിന്നത്തേതിൽ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.

9 അവള്‍ തന്‍റെ ഭര്‍ത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായൊരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.

10 നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവന്‍ നമ്മുടെ അടുക്കൽ വരുമ്പോള്‍ അവന് അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.

11 പിന്നെ ഒരു ദിവസം അവന്‍ അവിടെ വരുവാന്‍ ഇടയായി; അവന്‍ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.

12 അവന്‍ തന്‍റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു.

13 അവള്‍ അവന്‍റെ മുമ്പിൽ വന്നുനിന്നു. അവന്‍ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവള്‍: ഞാന്‍ സ്വജനത്തിന്‍റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു.

14 എന്നാൽ അവള്‍ക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവന്‍ ചോദിച്ചതിനു ഗേഹസി: അവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.

15 അവളെ വിളിക്ക എന്ന് അവന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ വാതിൽക്കൽ വന്നുനിന്നു.

16 അപ്പോള്‍ അവന്‍: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവള്‍: അല്ല, ദൈവപുരുഷനായ എന്‍റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.

17 ആ സ്ത്രീ ഗര്‍ഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.

18 ബാലന്‍ വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്‍റെ അപ്പന്‍റെ അടുക്കൽ ചെന്നു.

19 അവന്‍ അപ്പനോട്: എന്‍റെ തല, എന്‍റെ തല എന്നു പറഞ്ഞു. അവന്‍ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു.

20 അവന്‍ അവനെ എടുത്ത് അവന്‍റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവന്‍ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.

21 അപ്പോള്‍ അവള്‍ കയറിച്ചെന്ന് അവനെ ദൈവപുരുഷന്‍റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി.

22 പിന്നെ അവള്‍ തന്‍റെ ഭര്‍ത്താവിനെ വിളിച്ചു: ഞാന്‍ വേഗത്തിൽ ദൈവപുരുഷന്‍റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.

23 അതിന് അവന്‍: ഇന്നു നീ അവന്‍റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്ന് അവള്‍ പറഞ്ഞു.

24 അങ്ങനെ അവള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോട്: നല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിര്‍ത്തരുത് എന്നു പറഞ്ഞു.

25 അവള്‍ ചെന്നു കര്‍മ്മേൽപര്‍വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തി; ദൈവപുരുഷന്‍ അവളെ ദൂരത്തു കണ്ടപ്പോള്‍ തന്‍റെ ബാല്യക്കാരനായ ഗേഹസിയോട്: അതാ, ശൂനേംകാരത്തി വരുന്നു.

26 നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവള്‍ പറഞ്ഞു.

27 അവള്‍ പര്‍വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തിയപ്പോള്‍ അവന്‍റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തു ചെന്നാറെ ദൈവപുരുഷന്‍: അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു.

28 ഞാന്‍ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്ന് അവള്‍ പറഞ്ഞു.

29 ഉടനെ അവന്‍ ഗേഹസിയോട്: നീ അര കെട്ടി എന്‍റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു.

30 എന്നാൽ ബാലന്‍റെ അമ്മ യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന്‍ എഴുന്നേറ്റ് അവളോടുകൂടെ പോയി.

31 ഗേഹസി അവര്‍ക്കു മുമ്പായി ചെന്ന് വടി ബാലന്‍റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവന്‍ അവനെ എതിരേല്പാന്‍ മടങ്ങിവന്നു: ബാലന്‍ ഉണര്‍ന്നില്ല എന്ന് അറിയിച്ചു.

32 എലീശാ വീട്ടിൽ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേൽ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു.

33 താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവന്‍ വാതിൽ അടച്ചു യഹോവയോടു പ്രാര്‍ഥിച്ചു.

34 പിന്നെ അവന്‍ കയറി ബാലന്‍റെമേൽ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണ് അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളംകൈകള്‍ അവന്‍റെ ഉള്ളംകൈകളിന്മേലുംവച്ച് അവന്‍റെമേൽ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു.

35 അവന്‍ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെമേൽ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.

36 അവന്‍ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍ അവളെ വിളിച്ചു. അവള്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍: നിന്‍റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.

37 അവള്‍ അകത്തുചെന്ന് അവന്‍റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്‍റെ മകനെ എടുത്തു കൊണ്ടുപോയി.

38 അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ അവന്‍ തന്‍റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാര്‍ക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.

39 ഒരുത്തന്‍ ചീര പറിപ്പാന്‍ വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.

40 അവര്‍ അത് ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.

41 അവര്‍ക്കു കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്ന് അവന്‍ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകള്‍ക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

42 അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാള്‍ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാന്‍ കൊടുക്ക എന്ന് അവന്‍ കല്പിച്ചു.

43 അതിന് അവന്‍റെ ബാല്യക്കാരന്‍: ഞാന്‍ ഇതു നൂറു പേര്‍ക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയും: ജനത്തിന് അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

44 അങ്ങനെ അവന്‍ അവര്‍ക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.

  • 2 Kings 3 — previous chapter
  • 2 Kings 5 — next chapter
  • 2 Kings 4 — English (KJV)
  • 2 Kings 4 — English (WEB)
  • 2 Kings 4 — Tamil (தமிழ்)
  • 2 Kings 4 — Hindi (हिंदी)
  • 2 Kings 4 — Kannada (ಕನ್ನಡ)