2 രാജാക്കന്മാർ 22 (2 Kings 22)

Malayalam Bible — Malayalam (മലയാളം)

1 യോശീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തിയൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെദീദാ എന്നു പേര്‍; അവള്‍ ബൊസ്ക്കത്ത്കാരനായ അദായാവിന്‍റെ മകള്‍ ആയിരുന്നു.

2 അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.

3 യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്‍റെ മകനായ അസല്യാവിന്‍റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു പറഞ്ഞതെന്തെന്നാൽ:

4 നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണക്കുനോക്കട്ടെ.

5 അവര്‍ അത് യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുക്കട്ടെ; അവര്‍ അത് യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്

6 അതിൽ പണി ചെയ്യുന്ന ആശാരികള്‍ക്കും ശില്പികള്‍ക്കും കല്പണിക്കാര്‍ക്കും ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിനും കൊടുക്കട്ടെ.

7 എന്നാൽ ദ്രവ്യം കൈയേറ്റു വാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവര്‍ വിശ്വാസത്തിന്മേലല്ലോ പ്രവര്‍ത്തിക്കുന്നത്.

8 മഹാപുരോഹിതനായ ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാന്‍ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്‍റെ കൈയിൽ കൊടുത്തു; അവന്‍ അതു വായിച്ചു.

9 രായസക്കാരനായ ശാഫാന്‍ രാജാവിന്‍റെ അടുക്കൽ ചെന്ന് രാജാവിനോട്: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടി ഒഴിച്ചെടുത്ത് യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുത്തിരിക്കുന്നു എന്ന് മറുപടി ബോധിപ്പിച്ചു.

10 ഹില്ക്കീയാപുരോഹിതന്‍ എന്‍റെ കൈയിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു. ശാഫാന്‍ അതു രാജസന്നിധിയിൽ വായിച്ചുകേള്‍പ്പിച്ചു.

11 രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;

12 രാജാവ് പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്‍റെ മകന്‍ അഹീക്കാമിനോടും മീഖായാവിന്‍റെ മകന്‍ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:

13 നിങ്ങള്‍ ചെന്ന് കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദായ്ക്കുംവേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിന്‍; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാന്‍ തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേള്‍ക്കായ്കകൊണ്ടു നമ്മുടെ നേരേ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.

14 അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അര്‍ഹസിന്‍റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്‍റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു- അവള്‍ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു- അവളോടു സംസാരിച്ചു.

15 അവള്‍ അവരോടു പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്‍റെ അടുക്കൽ അയച്ചവനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ:

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെയൊക്കെയും അനര്‍ഥം വരുത്തും.

17 അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാര്‍ക്ക് ധൂപം കാട്ടിയതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തിന്‍റെ നേരേ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.

18 എന്നാൽ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19 അവര്‍ സ്തംഭനത്തിനും ശാപത്തിനും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്‍റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവയുടെ അരുളപ്പാട്.

20 അതുകൊണ്ട് ഞാന്‍ നിന്നെ നിന്‍റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിനു വരുത്തുവാന്‍പോകുന്ന അനര്‍ഥമൊന്നും നിന്‍റെ കണ്ണു കാണുകയില്ല. അവര്‍ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.

  • 2 Kings 21 — previous chapter
  • 2 Kings 23 — next chapter
  • 2 Kings 22 — English (KJV)
  • 2 Kings 22 — English (WEB)
  • 2 Kings 22 — Tamil (தமிழ்)
  • 2 Kings 22 — Hindi (हिंदी)
  • 2 Kings 22 — Kannada (ಕನ್ನಡ)