2 രാജാക്കന്മാർ 12 (2 Kings 12)

Malayalam Bible — Malayalam (മലയാളം)

1 യേഹൂവിന്‍റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ച തുടങ്ങി; അവന്‍ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേര്‍-ശേബക്കാരത്തിയായ അവന്‍റെ അമ്മയ്ക്കു സിബ്യാ എന്നു പേര്‍.

2 യെഹോയാദാപുരോഹിതന്‍ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍ യഹോവയ്ക്കു ഇഷ്ടമായുള്ളതു ചെയ്തു.

3 എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

4 യെഹോവാശ് പുരോഹിതന്മാരോട്: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും

5 ഓരോ പുരോഹിതനും താന്താന്‍റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.

6 എന്നാൽ യെഹോവാശ്‍ രാജാവിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാര്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നു.

7 ആകയാൽ യെഹോവാശ്‍രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: നിങ്ങള്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നത് എന്ത്? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോട് ദ്രവ്യം വാങ്ങാതെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന് അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.

8 അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.

9 അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്ത് അതിന്‍റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിനരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ വലത്തുഭാഗത്തു വച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യമൊക്കെയും അതിൽ ഇടും.

10 പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്‍റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്ന് യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.

11 അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്‍റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവര്‍ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന

12 ആശാരിമാര്‍ക്കും ശില്പികള്‍ക്കും കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും, യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിനും കൊടുക്കും.

13 യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയം വകയ്ക്ക് ഉണ്ടാക്കാതെ;

14 പണി ചെയ്യുന്നവര്‍ക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന് അറ്റകുറ്റം തീര്‍ക്കും.

15 എന്നാൽ പണിചെയ്യുന്നവര്‍ക്കു കൊടുക്കേണ്ടതിനു ദ്രവ്യം ഏറ്റുവാങ്ങിയവരോട് അവര്‍ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നത്.

16 അകൃത്യയാഗത്തിന്‍റെ ദ്രവ്യവും പാപയാഗത്തിന്‍റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുള്ളതായിരുന്നു.

17 ആ കാലത്ത് അരാംരാജാവായ ഹസായേൽ പുറപ്പെട്ട് ഗത്തിനെ യുദ്ധം ചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്‍റെ നേരേയും വരേണ്ടതിന് ദൃഷ്‍ടിവച്ചാറെ

18 യെഹൂദാരാജാവായ യെഹോവാശ് തന്‍റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാര്‍ നിവേദിച്ചിരുന്ന സകല നിവേദിതവസ്തുക്കളും താന്‍ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്ത് അരാംരാജാവായ ഹസായേലിനു കൊടുത്തു; അങ്ങനെ അവന്‍ യെരൂശലേമിനെ വിട്ടുപോയി.

19 യോവാശിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

20 യോവാശിന്‍റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തിൽവച്ച് അവനെ കൊന്നു.

21 ശിമെയാത്തിന്‍റെ മകനായ യോസാഖാര്‍, ശോമേരിന്‍റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായിത്തീര്‍ന്നു.

  • 2 Kings 11 — previous chapter
  • 2 Kings 13 — next chapter
  • 2 Kings 12 — English (KJV)
  • 2 Kings 12 — English (WEB)
  • 2 Kings 12 — Tamil (தமிழ்)
  • 2 Kings 12 — Hindi (हिंदी)
  • 2 Kings 12 — Kannada (ಕನ್ನಡ)