2 കൊരിന്ത്യർ 12 (2 Corinthians 12)

Malayalam Bible — Malayalam (മലയാളം)

1 പ്രശംസിക്കുന്നതിനാല്‍ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാന്‍ കര്‍ത്താവിന്‍റെ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാന്‍ പോകുന്നു.

2 ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാന്‍ അറിയുന്നു: അവന്‍ പതിന്നാലു സംവത്‍സരം മുമ്പേ മൂന്നാം സ്വര്‍ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാന്‍ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു.

3 ആ മനുഷ്യന്‍ പറുദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് ഞാന്‍ അറിയുന്നില്ല; ദൈവം അറിയുന്നു.

4 മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്ന് ഞാന്‍ അറിയുന്നു.

5 അവനെക്കുറിച്ചു ഞാന്‍ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്‍റെ ബലഹീനതകളില്‍ അല്ലാതെ ഞാന്‍ പ്രശംസിക്കയില്ല.

6 ഞാന്‍ പ്രശംസിപ്പാന്‍ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്‍റെ വായില്‍നിന്നു കേള്‍ക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുത് എന്നുവച്ചു ഞാന്‍ അടങ്ങുന്നു.

7 വെളിപ്പാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിച്ചു പോകാതിരിപ്പാന്‍ എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു; ഞാന്‍ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാന്‍ സാത്താന്‍റെ ദൂതനെ തന്നെ.

8 അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാന്‍ മൂന്നു വട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു.

9 അവന്‍ എന്നോട്: എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും.

10 അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍തന്നെ ഞാന്‍ ശക്തനാകുന്നു.

11 ഞാന്‍ മൂഢനായിപ്പോയി; നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ചു; നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.

12 അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണസഹിഷ്ണുതയിലും അടയാളങ്ങളാലും അദ്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവന്നുവല്ലോ.

13 ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാള്‍ നിങ്ങള്‍ക്ക് ഏതൊന്നില്‍ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊള്‍വിന്‍.

14 ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു; നിങ്ങള്‍ക്ക് ഭാരമായിത്തീരുകയുമില്ല; നിങ്ങള്‍ക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാന്‍ അന്വേഷിക്കുന്നു. മക്കള്‍ അമ്മയപ്പന്മാര്‍ക്കല്ല അമ്മയപ്പന്മാര്‍ മക്കള്‍ക്കായിട്ടല്ലോ ചരതിക്കേണ്ടത്.

15 ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാന്‍ നിങ്ങളെ അധികമായി സ്നേഹിച്ചാല്‍ നിങ്ങള്‍ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?

16 ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എങ്കിലും ഉപായിയാകയാല്‍ കൗശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങള്‍ പറയുമായിരിക്കും.

17 ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ചവരില്‍ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ?

18 ഞാന്‍ തീത്തൊസിനെ പ്രബോധിപ്പിച്ച്, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങള്‍ നടന്നത് അതേ ആത്മാവില്‍ അല്ലയോ? അതേ കാല്‍ച്ചുവടുകളില്‍ അല്ലയോ?

19 ഇത്രനേരം ഞങ്ങള്‍ നിങ്ങളോടു പ്രതിവാദിക്കുന്നു എന്ന് നിങ്ങള്‍ക്കു തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവില്‍ ആകുന്നു ഞങ്ങള്‍ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവര്‍ധനയ്ക്കായിട്ടത്രേ.

20 ഞാന്‍ വരുമ്പോള്‍ ഞാന്‍ ഇച്ഛിക്കാത്തവിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കാത്തവിധത്തില്‍ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈര്‍ഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പ്, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും

21 ഞാന്‍ വീണ്ടും വരുമ്പോള്‍ എന്‍റെ ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ താഴ്ത്തുവാനും പാപം ചെയ്തിട്ടു തങ്ങള്‍ പ്രവര്‍ത്തിച്ച അശുദ്ധി, ദുര്‍ന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

  • 2 Corinthians 11 — previous chapter
  • 2 Corinthians 13 — next chapter
  • 2 Corinthians 12 — English (KJV)
  • 2 Corinthians 12 — English (WEB)
  • 2 Corinthians 12 — Tamil (தமிழ்)
  • 2 Corinthians 12 — Hindi (हिंदी)
  • 2 Corinthians 12 — Kannada (ಕನ್ನಡ)