2 ദിനവൃത്താന്തം 20 (2 Chronicles 20)

Malayalam Bible — Malayalam (മലയാളം)

1 അതിന്‍റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്‍റെ നേരേ യുദ്ധത്തിനു വന്നു.

2 ചിലര്‍ വന്നു യെഹോശാഫാത്തിനോട്: വലിയൊരു ജനസമൂഹം കടലിനക്കരെനിന്ന്, അരാമിൽനിന്നു നിന്‍റെ നേരേ വരുന്നു; ഇതാ അവര്‍ ഏന്‍-ഗെദിയെന്ന ഹസസോന്‍-താമാരിൽ ഉണ്ട് എന്ന് അറിയിച്ചു.

3 യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.

4 യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്ന് അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.

5 യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്‍റെ മുമ്പിൽ യെഹൂദായുടെയും യെരൂശലേമിന്‍റെയും സഭാമധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:

6 ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകല രാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.

7 ഞങ്ങളുടെ ദൈവമേ, നീ നിന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞ് അതു നിന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.

8 അവര്‍ അതിൽ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്‍റെ മുമ്പിലും നിന്‍റെ സന്നിധിയിലും നിന്നു- നിന്‍റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നില വിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.

9 അതിൽ തിരുനാമത്തിനുവേണ്ടി നിനക്ക് ഒരു വിശുദ്ധമന്ദിരം പണിതു.

10 യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരെയും മോവാബ്യരെയും സേയീര്‍പര്‍വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.

11 ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്‍റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്ക് ഇങ്ങനെ പ്രതിഫലം തരുന്നു.

12 ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരേ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടൂ എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.

13 അങ്ങനെ യെഹൂദ്യരൊക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടുംകൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.

14 അപ്പോള്‍ സഭാമധ്യേ വച്ചു യഹോവയുടെ ആത്മാവ് ആസാഫിന്‍റെ പുത്രന്മാരിൽ മത്ഥന്യാവിന്‍റെ മകനായ യെയീയേലിന്‍റെ മകനായ ബെനായാവിന്‍റെ മകനായ സെഖര്യാവിന്‍റെ മകന്‍ യഹസീയേൽ എന്ന ഒരു ലേവ്യന്‍റെമേൽ വന്നു.

15 അവന്‍ പറഞ്ഞത് എന്തെന്നാൽ: യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും ആയുള്ളോരേ, കേട്ടുകൊള്‍വിന്‍; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്‍റേതത്രേ.

16 നാളെ അവരുടെ നേരേ ചെല്ലുവിന്‍; ഇതാ, അവര്‍ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങള്‍ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്‍റെ അറ്റത്തുവച്ചു കാണും.

17 ഈ പടയിൽ പൊരുതുവാന്‍ നിങ്ങള്‍ക്ക് ആവശ്യം ഇല്ല; യെഹൂദായും യെരൂശലേമും ആയുള്ളോരേ, നിങ്ങള്‍ സ്ഥിരമായി നിന്നു യഹോവ നിങ്ങള്‍ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്‍വിന്‍; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരേ ചെല്ലുവിന്‍; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.

18 അപ്പോള്‍ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.

19 കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാന്‍ എഴുന്നേറ്റു.

20 പിന്നെ അവര്‍ അതികാലത്ത് എഴുന്നേറ്റ് തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവര്‍ പുറപ്പെട്ടപ്പോള്‍ യെഹോശാഫാത്ത് നിന്നുകൊണ്ട്: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിന്‍; എന്നാൽ നിങ്ങള്‍ ഉറച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരെയും വിശ്വസിപ്പിന്‍; എന്നാൽ നിങ്ങള്‍ കൃതാര്‍ഥരാകും എന്നു പറഞ്ഞു.

21 പിന്നെ അവന്‍ ജനത്തോട് ആലോചിച്ചിട്ട്, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിനു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിന്‍, അവന്‍റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവയ്ക്കു സംഗീതക്കാരെ നിയമിച്ചു.

22 അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വതക്കാരുടെയും നേരേ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി.

23 അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വതനിവാസികളോട് എതിര്‍ത്ത് അവരെ നിര്‍മ്മൂലമാക്കി നശിപ്പിച്ചു; സേയീര്‍നിവാസികളെ സംഹരിച്ചശേഷം അവര്‍ അന്യോന്യം നശിപ്പിച്ചു.

24 യെഹൂദ്യര്‍ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോള്‍ അവര്‍ പുരുഷാരത്തെ നോക്കി, അവര്‍ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.

25 യെഹോശാഫാത്തും അവന്‍റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ട് അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.

26 നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവയ്ക്ക് സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര്‍ പറഞ്ഞുവരുന്നു.

27 യഹോവ അവര്‍ക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നല്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;

28 അവര്‍ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു.

29 യഹോവ യിസ്രായേലിന്‍റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോള്‍ ദൈവത്തിന്‍റെ ഭീതി ആ ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വന്നു.

30 ഇങ്ങനെ അവന്‍റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്‍റെ രാജ്യം സ്വസ്ഥമായിരുന്നു.

31 യെഹോശാഫാത്ത് യെഹൂദായിൽ വാണു; വാണു തുടങ്ങിയപ്പോള്‍ അവനു മുപ്പത്തഞ്ച് വയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അസൂബാ എന്നു പേര്‍; അവള്‍ ശിൽഹിയുടെ മകള്‍ ആയിരുന്നു.

32 അവന്‍ തന്‍റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന് അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.

33 എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.

34 യെഹോശാഫാത്തിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേര്‍ത്തിരിക്കുന്ന ഹനാനിയുടെ മകനായ യേഹൂവിന്‍റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

35 അതിന്‍റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവന്‍ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.

36 അവന്‍ തര്‍ശ്ശീശിലേക്ക് ഓടിപ്പാന്‍ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍-ഗേബെരിൽവച്ചു കപ്പലുകളുണ്ടാക്കി.

37 എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകന്‍ എലീയേസെര്‍ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്‍റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള്‍ തര്‍ശ്ശീശിലേക്ക് ഓടുവാന്‍ കഴിയാതെ ഉടഞ്ഞുപോയി.

  • 2 Chronicles 19 — previous chapter
  • 2 Chronicles 21 — next chapter
  • 2 Chronicles 20 — English (KJV)
  • 2 Chronicles 20 — English (WEB)
  • 2 Chronicles 20 — Tamil (தமிழ்)
  • 2 Chronicles 20 — Hindi (हिंदी)
  • 2 Chronicles 20 — Kannada (ಕನ್ನಡ)