2 ദിനവൃത്താന്തം 17 (2 Chronicles 17)

Malayalam Bible — Malayalam (മലയാളം)

1 അവന്‍റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവന്‍ യിസ്രായേലിനെതിരേ പ്രബലനായിത്തീര്‍ന്നു.

2 അവന്‍ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്‍റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളങ്ങളെയും ആക്കി.

3 യെഹോശാഫാത്ത് തന്‍റെ പിതാവായ ദാവീദിന്‍റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ

4 തന്‍റെ പിതാവിന്‍റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്‍റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

5 യഹോവ അവന് രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലാ യെഹൂദായും യെഹോ ശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി.

6 അവന്‍റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ട് അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദായിൽനിന്നു നീക്കിക്കളഞ്ഞു.

7 അവന്‍ തന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ട് ബെന്‍-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്‍റെ പ്രഭുക്കന്മാരെയും

8 അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാന്‍, അദോനീയാവ്, തോബീയാവ്, തോബ്-അഥോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.

9 അവര്‍ യെഹൂദായിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കൈയിൽ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.

10 യഹോവയിങ്കൽനിന്ന് ഒരു ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വീണിരുന്നതുകൊണ്ട് അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.

11 ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിനു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തി എഴുനൂറ് ആട്ടുകൊറ്റനും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍കൂട്ടത്തെ കൊണ്ടുവന്നു.

12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീര്‍ന്നു, യെഹൂദായിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.

13 അവനു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കള്‍ യെരൂശലേമിൽ ഉണ്ടായിരുന്നു.

14 പിതൃഭവനം പിതൃഭവനമായുള്ള അവരുടെ എണ്ണമാവിത്: യെഹൂദായുടെ സഹസ്രാധിപന്മാര്‍: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;

15 അവന്‍റെ ശേഷം യെഹോഹാനാന്‍പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്‍പതിനായിരം പേര്‍;

16 അവന്‍റെ ശേഷം തന്നെത്താന്‍ മനഃപൂര്‍വമായി യഹോവയ്ക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍;

17 ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേര്‍;

18 അവന്‍റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തെണ്‍പതിനായിരം പേര്‍.

19 രാജാവ് യെഹൂദായിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിനു സേവചെയ്തുവന്നവര്‍ ഇവര്‍ തന്നെ.

  • 2 Chronicles 16 — previous chapter
  • 2 Chronicles 18 — next chapter
  • 2 Chronicles 17 — English (KJV)
  • 2 Chronicles 17 — English (WEB)
  • 2 Chronicles 17 — Tamil (தமிழ்)
  • 2 Chronicles 17 — Hindi (हिंदी)
  • 2 Chronicles 17 — Kannada (ಕನ್ನಡ)