2 ദിനവൃത്താന്തം 15 (2 Chronicles 15)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ഓദേദിന്‍റെ മകനായ അസര്യാവിന്‍റെമേൽ ദൈവത്തിന്‍റെ ആത്മാവ് വന്നു.

2 അവന്‍ ആസായെ എതിരേറ്റ് അവനോടു പറഞ്ഞതെന്തെന്നാൽ: ആസായും എല്ലാ യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങള്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.

3 യിസ്രായേൽ ഇപ്പോള്‍ ബഹുകാലമായി സത്യദൈവവും, ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;

4 എന്നാൽ അവര്‍ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോള്‍, അവര്‍ അവനെ കണ്ടെത്തി.

5 ആ കാലത്ത് പോക്കുവരവിനു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികള്‍ക്ക് ഒക്കെയും മഹാകലാപങ്ങള്‍ ഭവിച്ചു.

6 ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകര്‍ത്തുകളഞ്ഞു.

7 എന്നാൽ നിങ്ങള്‍ ധൈര്യമായിരിപ്പിന്‍; നിങ്ങളുടെ കൈകള്‍ തളര്‍ന്നു പോകരുത്; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.

8 ആസാ ഈ വാക്കുകളും ഓദേദ്പ്രവാചകന്‍റെ പ്രവചനവും കേട്ടപ്പോള്‍ അവന്‍ ധൈര്യപ്പെട്ടു, യെഹൂദായുടെയും ബെന്യാമീന്‍റെയും ദേശത്തുനിന്നൊക്കെയും, എഫ്രയീംമലനാട്ടിൽ അവന്‍ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിന്‍മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

9 പിന്നെ അവന്‍ എല്ലാ യെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽനിന്നും അവരുടെ അടുക്കൽ വന്നു പാര്‍ക്കുന്നവരെയും കൂട്ടിവരുത്തി; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകര്‍ വന്ന് അവനോടു ചേര്‍ന്നു.

10 ഇങ്ങനെ അവര്‍ ആസായുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.

11 തങ്ങള്‍ കൊണ്ടുവന്ന കൊള്ളയിൽനിന്ന് അവര്‍ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവയ്ക്കു യാഗം കഴിച്ചു.

12 പിന്നെ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്നും

13 ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവര്‍ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.

14 അവര്‍ മഹാഘോഷത്തോടും ആര്‍പ്പോടും കാഹളങ്ങളോടും കുഴലുകളോടുംകൂടെ യഹോവയോടു സത്യംചെയ്തു.

15 എല്ലാ യെഹൂദ്യരും സത്യം നിമിത്തം സന്തോഷിച്ചു; അവര്‍ പൂര്‍ണഹൃദയത്തോടെ സത്യംചെയ്ത് പൂര്‍ണതാൽപര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവര്‍ അവനെ കണ്ടെത്തുകയും യഹോവ അവര്‍ക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.

16 ആസാരാജാവ് തന്‍റെ അമ്മയായ മയഖായെയും അവള്‍ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകര്‍ത്തു കിദ്രോന്‍തോട്ടിങ്കൽവച്ചു ചുട്ടുകളഞ്ഞു.

17 എന്നാൽ പൂജാഗിരികള്‍ക്ക് യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസായുടെ ഹൃദയം അവന്‍റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.

18 വെള്ളി, പൊന്ന്, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്‍റെ അപ്പന്‍ നിവേദിച്ചതും താന്‍തന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.

19 ആസായുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.

  • 2 Chronicles 14 — previous chapter
  • 2 Chronicles 16 — next chapter
  • 2 Chronicles 15 — English (KJV)
  • 2 Chronicles 15 — English (WEB)
  • 2 Chronicles 15 — Tamil (தமிழ்)
  • 2 Chronicles 15 — Hindi (हिंदी)
  • 2 Chronicles 15 — Kannada (ಕನ್ನಡ)