2 ദിനവൃത്താന്തം 13 (2 Chronicles 13)

Malayalam Bible — Malayalam (മലയാളം)

1 യൊരോബെയാംരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ അബീയാവ് യെഹൂദായിൽ രാജാവായി.

2 അവന്‍ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു മീഖായാ എന്നു പേര്‍; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്‍റെ മകള്‍. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധമുണ്ടായി.

3 അബീയാവ് നാലുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളൊരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്‍റെ നേരേ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.

4 എന്നാൽ അബീയാവ് എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുംകൊണ്ട് പറഞ്ഞത്: യൊരോബെയാമും എല്ലാ യിസ്രായേലും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍.

5 യിസ്രായേലിന്‍റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്, അവനും അവന്‍റെ പുത്രന്മാര്‍ക്കുംതന്നെ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതല്ലയോ?

6 എന്നാൽ ദാവീദിന്‍റെ മകനായ ശലോമോന്‍റെ ദാസനും നെബാത്തിന്‍റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്‍റെ യജമാനനോടു മത്സരിച്ചു.

7 നീചന്മാരായ നിസ്സാരന്മാര്‍ അവന്‍റെ അടുക്കൽ വന്നുകൂടി, ശലോമോന്‍റെ മകനായ രെഹബെയാമിനോടു ധാര്‍ഷ്ട്യം കാണിച്ചു; രെഹബെയാമോ യൗവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോട് എതിര്‍ത്തുനില്പാന്‍ അവനു കഴിഞ്ഞില്ല.

8 നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്‍റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയൊരു സമൂഹം തന്നെ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ട് ഉണ്ടാക്കിയ പൊന്‍കാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

9 നിങ്ങള്‍ അഹരോന്‍റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്‍ക്ക് പുരോഹിതന്മാരെ ആക്കിയിട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴ് ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിനു വന്ന ഏവനും ദൈവമല്ലാത്തവയ്ക്കു പുരോഹിതനായിത്തീരുന്നു.

10 ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ട് അഹരോന്‍റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.

11 അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊന്‍നിലവിളക്കും അതിന്‍റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.

12 ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരേ ധ്വനിപ്പിക്കേണ്ടതിന് മഹാധ്വനികാഹളങ്ങളോടുകൂടെ അവന്‍റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുത്; നിങ്ങള്‍ കൃതാര്‍ഥരാകയില്ല;

13 എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാന്‍ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര്‍ പുറകിലും ആയി.

14 യെഹൂദ്യര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര്‍ കാഹളം ഊതി, യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചു.

15 യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.

16 യിസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പിൽനിന്ന് ഓടി, ദൈവം അവരെ അവരുടെ കൈയിൽ ഏല്പിച്ചു;

17 അബീയാവും അവന്‍റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കള്‍ ഹതന്മാരായി വീണു.

18 ഇങ്ങനെ യിസ്രായേല്യര്‍ക്ക് ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയം പ്രാപിച്ചു.

19 അബീയാവ് യൊരോബെയാമിനെ പിന്തുടര്‍ന്നുചെന്ന് അവന്‍റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തന്നെ.

20 യൊരോബെയാം അബീയാവിന്‍റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു, അവന്‍ മരിച്ചുപോയി.

21 എന്നാൽ അബീയാവ് ബലവാനായിത്തീര്‍ന്നു; അവന്‍ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ച് ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.

22 അബീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്‍റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

  • 2 Chronicles 12 — previous chapter
  • 2 Chronicles 14 — next chapter
  • 2 Chronicles 13 — English (KJV)
  • 2 Chronicles 13 — English (WEB)
  • 2 Chronicles 13 — Tamil (தமிழ்)
  • 2 Chronicles 13 — Hindi (हिंदी)
  • 2 Chronicles 13 — Kannada (ಕನ್ನಡ)