1 തെസ്സലൊനീക്യർ 5 (1 Thessalonians 5)

Malayalam Bible — Malayalam (മലയാളം)

1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല.

2 കള്ളന്‍ രാത്രിയില്‍ വരുംപോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്ന് നിങ്ങള്‍തന്നെ നന്നായി അറിയുന്നുവല്ലോ.

3 അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുംപോലെ അവര്‍ക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവര്‍ക്കു തെറ്റിയൊഴിയാവതുമല്ല.

4 എന്നാല്‍ സഹോദരന്മാരേ, ആ നാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;

5 നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.

6 ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക.

7 ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു; മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.

8 നാമോ പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

9 ദൈവം നമ്മെ കോപത്തിനല്ല,

10 നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്.

11 ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ധന വരുത്തിയും പോരുവിന്‍.

12 സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ്

13 അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍.

14 സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍; ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍; ബലഹീനരെ താങ്ങുവിന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍.

15 ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍;

16 എപ്പോഴും സന്തോഷിപ്പിന്‍;

17 ഇടവിടാതെ പ്രാര്‍ഥിപ്പിന്‍;

18 എല്ലാറ്റിനും സ്തോത്രം ചെയ്‍വിന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.

19 ആത്മാവിനെ കെടുക്കരുത്.

20 പ്രവചനം തുച്ഛീകരിക്കരുത്.

21 സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിന്‍.

22 സകലവിധ ദോഷവും വിട്ടകലുവിന്‍.

23 സമാധാനത്തിന്‍റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

24 നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അത് നിവര്‍ത്തിക്കും.

25 സഹോദരന്മാരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍.

26 സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍.

27 കര്‍ത്താവാണ, സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം.

28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

  • 1 Thessalonians 4 — previous chapter
  • 2 Thessalonians 1 — next chapter
  • 1 Thessalonians 5 — English (KJV)
  • 1 Thessalonians 5 — English (WEB)
  • 1 Thessalonians 5 — Tamil (தமிழ்)
  • 1 Thessalonians 5 — Hindi (हिंदी)
  • 1 Thessalonians 5 — Kannada (ಕನ್ನಡ)