1 ശമൂവേൽ 7 (1 Samuel 7)

Malayalam Bible — Malayalam (മലയാളം)

1 കിര്യത്ത്-യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്‍റെ വീട്ടിൽ കൊണ്ടുപോയി; അവന്‍റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു.

2 പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് ഏറിയകാലം, ഇരുപതു സംവത്സരം തന്നെ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.

3 അപ്പോള്‍ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിന്‍; എന്നാൽ അവന്‍ നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.

4 അങ്ങനെ യിസ്രായേൽമക്കള്‍ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.

5 അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിന്‍; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി യഹോവയോടു പ്രാര്‍ഥിക്കും എന്നു പറഞ്ഞു.

6 അവര്‍ മിസ്പായിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ച് ആ ദിവസം ഉപവസിച്ചു: ഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് അവിടെവച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പായിൽവച്ച് യിസ്രായേൽമക്കള്‍ക്കു ന്യായപാലനം ചെയ്തു.

7 യിസ്രായേൽമക്കള്‍ മിസ്പായിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യിസ്രായേലിന്‍റെ നേരേ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കള്‍ അതു കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു.

8 യിസ്രായേൽമക്കള്‍ ശമൂവേലിനോട്: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിന് ഞങ്ങള്‍ക്കുവേണ്ടി അവനോടു പ്രാര്‍ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.

9 അപ്പോള്‍ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെ എടുത്ത് യഹോവയ്ക്കു സര്‍വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാര്‍ഥിച്ചു; യഹോവ ഉത്തരമരുളി.

10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോട് പടയ്ക്ക് അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര്‍ യിസ്രായേലിനോടു തോറ്റു.

11 യിസ്രായേല്യര്‍ മിസ്പായിൽനിന്നു പുറപ്പെട്ട് ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ബേത്ത്-കാരിന്‍റെ താഴെവരെ അവരെ സംഹരിച്ചു.

12 പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പായ്ക്കും ശേനിനും മധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ് അതിന് ഏബെന്‍-ഏസെര്‍ എന്നു പേരിട്ടു.

13 ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്‍റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കു വിരോധമായിരുന്നു.

14 എക്രോന്‍മുതൽ ഗത്ത്‍വരെ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങള്‍ യിസ്രായേലിനു തിരികെ കിട്ടി; അവയുടെ അതിര്‍നാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.

15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു.

16 അവന്‍ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവച്ച് യിസ്രായേലിനു ന്യായപാലനം ചെയ്തിട്ട് രാമായിലേക്കു മടങ്ങിപ്പോരും;

17 അവിടെയായിരുന്നു അവന്‍റെ വീട്; അവിടെവച്ചും അവന്‍ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

  • 1 Samuel 6 — previous chapter
  • 1 Samuel 8 — next chapter
  • 1 Samuel 7 — English (KJV)
  • 1 Samuel 7 — English (WEB)
  • 1 Samuel 7 — Tamil (தமிழ்)
  • 1 Samuel 7 — Hindi (हिंदी)
  • 1 Samuel 7 — Kannada (ಕನ್ನಡ)