1 ശമൂവേൽ 5 (1 Samuel 5)

Malayalam Bible — Malayalam (മലയാളം)

1 ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് അതിനെ ഏബെന്‍-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി.

2 ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്‍റെ അരികെ വച്ചു.

3 പിറ്റന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്‍റെ സ്ഥാനത്തു നിര്‍ത്തി.

4 പിറ്റന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്‍റെ തലയും അവന്‍റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്‍റെ ഉടൽ മാത്രം ശേഷിച്ചിരുന്നു.

5 അതുകൊണ്ടു ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്‍റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.

6 എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്‍റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.

7 അങ്ങനെ ഭവിച്ചത് അസ്തോദ്യര്‍ കണ്ടിട്ട്: യിസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; അവന്‍റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്‍റെമേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

8 അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുപോയി.

9 അവര്‍ അതു കൊണ്ടുചെന്ന ശേഷം ഏറ്റവും വലിയൊരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിനു വിരോധമായിത്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.

10 അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്‍റെ പെട്ടകം എക്രോനിൽ എത്തിയപ്പോള്‍ എക്രോന്യര്‍: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.

11 അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്‍റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്‍റെ കൈ അവിടെയും അതിഭാരമായിരുന്നു.

12 മരിക്കാതിരുന്നവര്‍ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.

  • 1 Samuel 4 — previous chapter
  • 1 Samuel 6 — next chapter
  • 1 Samuel 5 — English (KJV)
  • 1 Samuel 5 — English (WEB)
  • 1 Samuel 5 — Tamil (தமிழ்)
  • 1 Samuel 5 — Hindi (हिंदी)
  • 1 Samuel 5 — Kannada (ಕನ್ನಡ)