1 ശമൂവേൽ 27 (1 Samuel 27)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ദാവീദ്: ഞാന്‍ ഒരു ദിവസം ശൗലിന്‍റെ കൈയാൽ നശിക്കേയുള്ളൂ; ഫെലിസ്ത്യരുടെ ദേശത്തിലേക്ക് ഓടിപ്പോകയല്ലാതെ എനിക്കു വേറേ നിവൃത്തിയില്ല; ശൗൽ അപ്പോള്‍ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്‍റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.

2 അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറു പേരും ഗത്ത്‍രാജാവായ മാവോക്കിന്‍റെ മകന്‍ ആഖീശിന്‍റെ അടുക്കൽ ചെന്നു.

3 യിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്‍റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്‍റെ അടുക്കൽ പാര്‍ത്തു.

4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്ന് ശൗലിന് അറിവുകിട്ടി; അവന്‍ പിന്നെ അവനെ അന്വേഷിച്ചതുമില്ല.

5 ദാവീദ് ആഖീശിനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുംപുറത്ത് ഒരു ഊരിൽ എനിക്ക് ഒരു സ്ഥലം കല്പിച്ചു തരുവിക്കേണം; അവിടെ ഞാന്‍ പാര്‍ത്തുകൊള്ളാം. രാജനഗരത്തിൽ നിന്‍റെ അടുക്കൽ അടിയന്‍ പാര്‍ക്കുന്നത് എന്തിന് എന്നു പറഞ്ഞു.

6 ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാര്‍ക്കുള്ളതായിരിക്കുന്നു.

7 ദാവീദ് ഫെലിസ്ത്യദേശത്തു പാര്‍ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.

8 ദാവീദും അവന്‍റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വനിവാസികളായിരുന്നു.

9 എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വച്ചേച്ചില്ല; ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ട് അവന്‍ ആഖീശിന്‍റെ അടുക്കൽ മടങ്ങിവന്നു.

10 നിങ്ങള്‍ ഇന്ന് എവിടെയായിരുന്നു പോയി ആക്രമിച്ചത് എന്ന് ആഖീശ് ചോദിച്ചതിന്: യെഹൂദായ്ക്കു തെക്കും യെരഹ്‍മേല്യര്‍ക്കു തെക്കും കേന്യര്‍ക്കു തെക്കും എന്നു ദാവീദ്പറഞ്ഞു.

11 ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന്‍ ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്‍റെ പതിവ് ഇതായിരുന്നു എന്ന് അവര്‍ നമ്മെക്കുറിച്ചു പറയരുത് എന്നുവച്ച് ഗത്തിൽ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വച്ചേച്ചില്ല.

12 ദാവീദ് സ്വജനമായ യിസ്രായേലിനു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ട് അവന്‍ എന്നും എന്‍റെ ദാസനായിരിക്കും എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വാസംവച്ചു.

  • 1 Samuel 26 — previous chapter
  • 1 Samuel 28 — next chapter
  • 1 Samuel 27 — English (KJV)
  • 1 Samuel 27 — English (WEB)
  • 1 Samuel 27 — Tamil (தமிழ்)
  • 1 Samuel 27 — Hindi (हिंदी)
  • 1 Samuel 27 — Kannada (ಕನ್ನಡ)