1 ശമൂവേൽ 22 (1 Samuel 22)

Malayalam Bible — Malayalam (മലയാളം)

1 അങ്ങനെ ദാവീദ് അവിടം വിട്ട് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്‍റെ സഹോദരന്മാരും അവന്‍റെ പിതൃഭവനമൊക്കെയും അതു കേട്ട് അവന്‍റെ അടുക്കൽ ചെന്നു.

2 ഞെരുക്കമുള്ളവര്‍, കടമുള്ളവര്‍, സന്തുഷ്‍ടിയില്ലാത്തവര്‍ എന്നീ വകക്കാര്‍ ഒക്കെയും അവന്‍റെ അടുക്കൽ വന്നുകൂടി; അവന്‍ അവര്‍ക്കു തലവനായിത്തീര്‍ന്നു; അവനോടുകൂടെ ഏകദേശം നാനൂറു പേര്‍ ഉണ്ടായിരുന്നു.

3 അനന്തരം ദാവീദ് അവിടം വിട്ട് മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ്‍രാവിനോട്: ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുവോളം എന്‍റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാര്‍പ്പാന്‍ അനുവദിക്കേണമേ എന്ന് അപേക്ഷിച്ചു.

4 അവന്‍ അവരെ മോവാബ്‍രാവിന്‍റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുര്‍ഗത്തിൽ താമസിച്ച കാലമൊക്കെയും അവര്‍ അവിടെ പാര്‍ത്തു.

5 എന്നാൽ ഗാദ്പ്രവാചകന്‍ ദാവീദിനോട്: ദുര്‍ഗത്തിൽ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ട് ഹേരെത്ത്കാട്ടിൽ വന്നു.

6 ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്ന് ശൗൽ കേട്ടു; അന്ന് ശൗൽ കൈയിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്‍റെ ഭൃത്യന്മാര്‍ എല്ലാവരും അവന്‍റെ ചുറ്റും നിന്നിരുന്നു.

7 ശൗൽ ചുറ്റും നില്ക്കുന്ന തന്‍റെ ഭൃത്യന്മാരോടു പറഞ്ഞത്: ബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍; യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?

8 നിങ്ങള്‍ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്‍റെ മകന്‍ യിശ്ശായിയുടെ മകനോട് സഖ്യത ചെയ്തത് എന്നെ അറിയിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. എന്‍റെ മകന്‍ എന്‍റെ ദാസനെ ഇന്ന് എനിക്കായി പതിയിരിപ്പാന്‍ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ച് എനിക്ക് അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.

9 അപ്പോള്‍ ശൗലിന്‍റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്‍റെ മകനായ അഹീമേലെക്കിന്‍റെ അടുക്കൽ യിശ്ശായിയുടെ മകന്‍ വന്നത് ഞാന്‍ കണ്ടു.

10 അവന്‍ അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു, അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്‍റെ വാളും കൊടുത്തു എന്ന് ഉത്തരം പറഞ്ഞു.

11 ഉടനെ രാജാവ് അഹീതൂബിന്‍റെ മകനായ അഹീമേലെക് പുരോഹിതനെയും അവന്‍റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര്‍ എല്ലാവരും രാജാവിന്‍റെ അടുക്കൽ വന്നു.

12 അപ്പോള്‍ ശൗൽ: അഹീതൂബിന്‍റെ മകനേ, കേള്‍ക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയന്‍ എന്ന് അവന്‍ ഉത്തരം പറഞ്ഞു.

13 ശൗൽ അവനോട്: യിശ്ശായിയുടെ മകന്‍ ഇന്ന് എനിക്കായി പതിയിരിപ്പാന്‍ തുനിയത്തക്കവണ്ണം അവന് അപ്പവും വാളും കൊടുക്കയും അവനുവേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു.

14 അഹീമേലെക് രാജാവിനോട്: തിരുമനസ്സിലെ സകല ഭൃത്യന്മാരിലുംവച്ച് ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളൂ? അവന്‍ രാജാവിന്‍റെ മരുമകനും അവിടുത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.

15 അവനുവേണ്ടി ദൈവത്തോടു ചോദിപ്പാന്‍ ഞാന്‍ ഇപ്പോഴോ തുടങ്ങിയത്? അങ്ങനെയല്ല. രാജാവ് അടിയന്‍റെമേലും അടിയന്‍റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന്‍ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്ന് ഉത്തരം പറഞ്ഞു.

16 അപ്പോള്‍ രാജാവ്: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്‍റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.

17 പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഓടിപ്പോയത് അവര്‍ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന് രാജാവിന്‍റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.

18 അപ്പോള്‍ രാജാവ് ദോവേഗിനോട്: നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്‍പത്തഞ്ചു പേരെ അന്നു കൊന്നുകളഞ്ഞു.

19 പുരോഹിതനഗരമായ നോബിന്‍റെ പുരുഷന്മാര്‍, സ്ത്രീകള്‍, ബാലന്മാര്‍, ശിശുക്കള്‍, കാള, കഴുത, ആട് എന്നിങ്ങനെ ആസകലം വാളിന്‍റെ വായ്ത്തലയാൽ അവന്‍ സംഹരിച്ചുകളഞ്ഞു.

20 എന്നാൽ അഹീതൂബിന്‍റെ മകനായ അഹീമേലെക്കിന്‍റെ പുത്രന്മാരിൽ അബ്യാഥാര്‍ എന്നൊരുത്തന്‍ തെറ്റിയൊഴിഞ്ഞു ദാവീദിന്‍റെ അടുക്കൽ ഓടിപ്പോയി.

21 ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര്‍ ദാവീദിനെ അറിയിച്ചു.

22 ദാവീദ് അബ്യാഥാരിനോട്: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ശൗലിനോട് അറിയിക്കും എന്നു ഞാന്‍ അന്നു തന്നെ നിശ്ചയിച്ചു.

23 നിന്‍റെ പിതൃഭവനത്തിനൊക്കെയും ഞാന്‍ മരണത്തിനു കാരണമായല്ലോ. എന്‍റെ അടുക്കൽ പാര്‍ക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവന്‍ നിനക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; എങ്കിലും എന്‍റെ അടുക്കൽ നിനക്കു നിര്‍ഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.

  • 1 Samuel 21 — previous chapter
  • 1 Samuel 23 — next chapter
  • 1 Samuel 22 — English (KJV)
  • 1 Samuel 22 — English (WEB)
  • 1 Samuel 22 — Tamil (தமிழ்)
  • 1 Samuel 22 — Hindi (हिंदी)
  • 1 Samuel 22 — Kannada (ಕನ್ನಡ)