1 ശമൂവേൽ 2 (1 Samuel 2)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ഹന്നാ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്‍റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്‍റെ കൊമ്പ് യഹോവയാൽ ഉയര്‍ന്നിരിക്കുന്നു; എന്‍റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു; നിന്‍റെ രക്ഷയിൽ ഞാന്‍ സന്തോഷിക്കുന്നു.

2 യഹോവയെപ്പോലെ പരിശുദ്ധന്‍ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

3 ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്. യഹോവ ജ്ഞാനമുള്ള ദൈവം; അവന്‍ പ്രവൃത്തികളെ തൂക്കിനോക്കുന്നു.

4 വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.

5 സമ്പന്നര്‍ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; വിശന്നവര്‍ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു.

6 യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.

7 യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു.

8 അവന്‍ ദരിദ്രനെ പൊടിയിൽനിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങള്‍ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു.

9 തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ അവന്‍ കാക്കുന്നു; ദുഷ്ടന്മാര്‍ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.

10 യഹോവയോട് എതിര്‍ക്കുന്നവന്‍ തകര്‍ന്നു പോകുന്നു; അവന്‍ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്‍റെ രാജാവിനു ശക്തി കൊടുക്കുന്നു; തന്‍റെ അഭിഷിക്തന്‍റെ കൊമ്പ് ഉയര്‍ത്തുന്നു.

11 പിന്നെ എല്ക്കാനാ രാമായിൽ തന്‍റെ വീട്ടിലേക്കു പോയി. ബാലന്‍ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.

12 എന്നാൽ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഓര്‍ക്കാത്തവരും ആയിരുന്നു.

13 ഈ പുരോഹിതന്മാര്‍ ജനത്തോട് ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോള്‍ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്‍റെ ബാല്യക്കാരന്‍

14 കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.

15 മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്‍റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവന്‍ വാങ്ങുകയില്ല എന്നു പറയും.

16 മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്‍റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്‍ക എന്ന് അവനോടു പറഞ്ഞാൽ അവന്‍ അവനോട്: അല്ല, ഇപ്പോള്‍തന്നെ തരേണം; അല്ലെങ്കിൽ ഞാന്‍ ബലാൽക്കാരേണ എടുക്കും എന്നു പറയും.

17 ഇങ്ങനെ ആ യൗവനക്കാര്‍ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.

18 ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.

19 അവന്‍റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്‍റെ ഭര്‍ത്താവിനോടുകൂടെ വര്‍ഷാന്തരയാഗം കഴിപ്പാന്‍ വരുമ്പോള്‍ അവനു കൊണ്ടുവന്നു കൊടുക്കും.

20 എന്നാൽ ഏലി എല്ക്കാനായെയും അവന്‍റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവയ്ക്കു കഴിച്ച നിവേദ്യത്തിനു പകരം യഹോവ അവളിൽനിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര്‍ തങ്ങളുടെ വീട്ടിലേക്കു പോയി.

21 യഹോവ ഹന്നായെ കടാക്ഷിച്ചു; അവള്‍ ഗര്‍ഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളര്‍ന്നുവന്നു.

22 ഏലി വൃദ്ധനായാറെ അവന്‍റെ പുത്രന്മാര്‍ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന്‍ കേട്ടു.

23 അവന്‍ അവരോട്: നിങ്ങള്‍ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാന്‍ കേള്‍ക്കുന്നു.

24 അങ്ങനെ അരുത്, എന്‍റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല.

25 മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യന്‍ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആര്‍ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍ യഹോവ നിശ്ചയിച്ചതുകൊണ്ട് അവര്‍ അപ്പന്‍റെ വാക്കു കൂട്ടാക്കിയില്ല.

26 ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു.

27 അനന്തരം ഒരു ദൈവപുരുഷന്‍ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്‍റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്കു വെളിപ്പെട്ടു നിശ്ചയം.

28 എന്‍റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്‍റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്‍റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാന്‍ നിന്‍റെ പിതൃഭവനത്തിനു കൊടുത്തു.

29 തിരുനിവാസത്തിൽ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്‍റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്‍റെ ജനമായ യിസ്രായേലിന്‍റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്‍റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നത് എന്ത് ?

30 ആകയാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഭവനവും നിന്‍റെ പിതൃഭവനവും എന്‍റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.

31 നിന്‍റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാന്‍ നിന്‍റെ ഭുജവും നിന്‍റെ പിതൃഭവനത്തിന്‍റെ ഭുജവും തകര്‍ത്തുകളയുന്ന നാളുകള്‍ ഇതാ വരുന്നു.

32 യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാ നന്മകളുടെയും മധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്‍റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല.

33 നിന്‍റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്‍റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന്‍ നിന്‍റെ ഭവനത്തിൽ ഒരുത്തനെ എന്‍റെ യാഗപീഠത്തിൽനിന്നു ഛേദിച്ചുകളയാതെ വച്ചേക്കും; നിന്‍റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും.

34 നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും ഭവിപ്പാനിരിക്കുന്നതു നിനക്ക് ഒരു അടയാളം ആകും; അവര്‍ ഇരുവരും ഒരു ദിവസത്തിൽതന്നെ മരിക്കും.

35 എന്നാൽ എന്‍റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്ത പുരോഹിതനെ ഞാന്‍ എനിക്ക് എഴുന്നേല്പിക്കും; അവനു ഞാന്‍ സ്ഥിരമായൊരു ഭവനം പണിയും; അവന്‍ എന്‍റെ അഭിഷിക്തന്‍റെ മുമ്പാകെ നിത്യം പരിചരിക്കും.

36 നിന്‍റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനുമായിട്ട് അവനെ കുമ്പിട്ട്: ഒരു കഷണം അപ്പം തിന്മാന്‍ ഇടവരേണ്ടതിന് എന്നെ ഒരു പുരോഹിതന്‍റെ വേലയ്ക്കാക്കേണമേ എന്ന് അപേക്ഷിക്കും.

  • 1 Samuel 1 — previous chapter
  • 1 Samuel 3 — next chapter
  • 1 Samuel 2 — English (KJV)
  • 1 Samuel 2 — English (WEB)
  • 1 Samuel 2 — Tamil (தமிழ்)
  • 1 Samuel 2 — Hindi (हिंदी)
  • 1 Samuel 2 — Kannada (ಕನ್ನಡ)