1 ശമൂവേൽ 15 (1 Samuel 15)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ശമൂവേൽ ശൗലിനോട് പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്‍റെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്‍വാന്‍ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോള്‍ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്‍ക.

2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോള്‍ വഴിയിൽവച്ച് അമാലേക് അവരെ ആക്രമിച്ച് അവരോടു ചെയ്തതിനെ ഞാന്‍ കുറിച്ചുവച്ചിരിക്കുന്നു.

3 ആകയാൽ നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവര്‍ക്കുള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.

4 എന്നാറെ ശൗൽ ജനത്തെ ഒന്നിച്ചു കൂട്ടി തെലായീമിൽവച്ച് അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍ ഒഴികെ രണ്ടു ലക്ഷം കാലാള്‍ ഉണ്ടായിരുന്നു.

5 പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് തോട്ടിനരികെ പതിയിരിപ്പാക്കി.

6 എന്നാൽ ശൗൽ കേന്യരോട്: ഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിന്‍; യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.

7 പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിനു കിഴക്കുള്ള ശൂര്‍വരെ അമാലേക്യരെ സംഹരിച്ചു.

8 അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെയൊക്കെയും വാളിന്‍റെ വായ്ത്തലയാൽ നിര്‍മ്മൂലമാക്കി.

9 എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, മാട്, തടിച്ച മൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെയൊക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെയൊക്കെയും അവര്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു.

10 അപ്പോള്‍ യഹോവയുടെ അരുളപ്പാട് ശമൂവേലിനുണ്ടായത് എന്തെന്നാൽ:

11 ഞാന്‍ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്‍റെ കല്പനകളെ നിവര്‍ത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന് വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.

12 ശമൂവേൽ ശൗലിനെ എതിരേല്പാന്‍ അതികാലത്ത് എഴുന്നേറ്റപ്പോള്‍ ശൗൽ കര്‍മ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞ് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.

13 പിന്നെ ശമൂവേൽ ശൗലിന്‍റെ അടുക്കൽ എത്തിയപ്പോള്‍ ശൗൽ അവനോട്: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവന്‍; ഞാന്‍ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.

14 അതിനു ശമൂവേൽ: എന്‍റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന്‍ കേള്‍ക്കുന്ന കാളകളുടെ മുക്കുറയും എന്ത് എന്നു ചോദിച്ചു.

15 അവയെ അമാലേക്യരുടെ പക്കൽനിന്ന് അവര്‍ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്‍റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാന്‍ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു എന്നു ശൗൽ പറഞ്ഞു.

16 ശമൂവേൽ ശൗലിനോട്: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍ അവനോട്: പറഞ്ഞാലും എന്നു പറഞ്ഞു.

17 അപ്പോള്‍ ശമൂവേൽ പറഞ്ഞത്: നിന്‍റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽഗോത്രങ്ങള്‍ക്കു തലവനാക്കുകയും യിസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?

18 പിന്നെ യഹോവ നിന്നെ ഒരു വഴിക്ക് അയച്ചു: നീ ചെന്ന് അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയും അവര്‍ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.

19 അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളയ്ക്കു ചാടി യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തതെന്ത്?

20 ശൗൽ ശമൂവേലിനോട്: ഞാന്‍ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി അമാലേക്യരാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളഞ്ഞു.

21 എന്നാൽ ജനം ശപഥാര്‍പ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്ന് എടുത്ത് ഗില്ഗാലിൽ നിന്‍റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാന്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.

22 ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്.

23 മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവന്‍ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

24 ശൗൽ ശമൂവേലിനോട്: ഞാന്‍ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്‍റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.

25 എങ്കിലും എന്‍റെ പാപം ക്ഷമിച്ച് ഞാന്‍ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.

26 ശമൂവേൽ ശൗലിനോട്: ഞാന്‍ പോരുകയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

27 പിന്നെ ശമൂവേൽ പോകുവാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ അവന്‍റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.

28 ശമൂവേൽ അവനോട്: യഹോവ ഇന്നു യിസ്രായേലിന്‍റെ രാജത്വം നിങ്കൽനിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്‍റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു.

29 യിസ്രായേലിന്‍റെ മഹത്ത്വമായവന്‍ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു.

30 അപ്പോള്‍ അവന്‍: ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്‍റെ മൂപ്പന്മാരുടെയും യിസ്രായേലിന്‍റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ചു, ഞാന്‍ നിന്‍റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചു.

31 അങ്ങനെ ശമൂവേൽ ശൗലിന്‍റെ പിന്നാലെ ചെന്നു; ശൗൽ യഹോവയെ നമസ്കരിച്ചു.

32 അനന്തരം ശമൂവേൽ: അമാലേക്യരാജാവായ ആഗാഗിനെ ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്‍റെ അടുക്കൽ വന്നു: മരണഭീതി നീങ്ങിപ്പോയി എന്ന് ആഗാഗ് പറഞ്ഞു.

33 നിന്‍റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്‍റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.

34 പിന്നെ ശമൂവേൽ രാമായിലേക്കു പോയി; ശൗലും ശൗലിന്‍റെ ഗിബെയയിൽ അരമനയിലേക്കു പോയി.

35 ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന്‍ ശൗലിനെ യിസ്രായേലിനു രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.

  • 1 Samuel 14 — previous chapter
  • 1 Samuel 16 — next chapter
  • 1 Samuel 15 — English (KJV)
  • 1 Samuel 15 — English (WEB)
  • 1 Samuel 15 — Tamil (தமிழ்)
  • 1 Samuel 15 — Hindi (हिंदी)
  • 1 Samuel 15 — Kannada (ಕನ್ನಡ)