1 ശമൂവേൽ 12 (1 Samuel 12)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ശമൂവേൽ എല്ലാ യിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാന്‍ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങള്‍ക്ക് ഒരു രാജാവിനെയും വാഴിച്ചുതന്നു.

2 ഇപ്പോള്‍ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്‍റെ മക്കള്‍ നിങ്ങളോടുകൂടെ ഉണ്ട്; എന്‍റെ ബാല്യംമുതൽ ഇന്നുവരെയും ഞാന്‍ നിങ്ങള്‍ക്കു നായകനായിരുന്നു.

3 ഞാന്‍ ഇതാ, ഇവിടെ നില്ക്കുന്നു: ഞാന്‍ ഒരുത്തന്‍റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്‍റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവന്‍റെയും കൈയിൽനിന്നു കൈക്കൂലി വാങ്ങി എന്‍റെ കണ്ണു കുരുടാക്കിയിട്ടുണ്ടോ? യഹോവയുടെയും അവന്‍റെ അഭിഷിക്തന്‍റെയും മുമ്പാകെ എന്‍റെ നേരേ സാക്ഷീകരിപ്പിന്‍; ഞാന്‍ അതു മടക്കിത്തരാം.

4 അതിന് അവര്‍: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്‍റെയും കൈയിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.

5 അവന്‍ പിന്നെയും അവരോട്: നിങ്ങള്‍ എന്‍റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന് യഹോവ സാക്ഷി; അവന്‍റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.

6 അപ്പോള്‍ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന്‍ യഹോവ തന്നെ.

7 ആകയാൽ ഇപ്പോള്‍ ഒത്തുനില്പിന്‍; യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ചെയ്തിട്ടുള്ള സകല നീതികളെയും കുറിച്ച് ഞാന്‍ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.

8 യാക്കോബ് മിസ്രയീമിൽ ചെന്നു പാര്‍ത്തു; അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു പാര്‍ക്കുമാറാക്കി.

9 എന്നാൽ അവര്‍ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള്‍ അവന്‍ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കൈയിലും ഫെലിസ്ത്യരുടെ കൈയിലും മോവാബ്‍രാവിന്‍റെ കൈയിലും ഏല്പിച്ചു, അവര്‍ അവരോടു യുദ്ധം ചെയ്തു.

10 അപ്പോള്‍ അവര്‍ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ യഹോവയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ച് പാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞങ്ങളെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കും എന്നു പറഞ്ഞു.

11 എന്നാറെ യഹോവ യെരൂബ്ബാൽ, ബെദാന്‍, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കൈയിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.

12 പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരേ വരുന്നതു നിങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു രാജാവായിരിക്കെ നിങ്ങള്‍ എന്നോട്: ഒരു രാജാവ് ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.

13 ഇപ്പോള്‍ ഇതാ, നിങ്ങള്‍ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവ്; യഹോവ നിങ്ങള്‍ക്ക് ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.

14 നിങ്ങള്‍ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്‍റെ വാക്ക് അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്‍ന്നിരിക്കയും ചെയ്താൽ കൊള്ളാം.

15 എന്നാൽ നിങ്ങള്‍ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്‍ക്കു വിരോധമായിരുന്നതുപോലെ നിങ്ങള്‍ക്കും വിരോധമായിരിക്കും.

16 ആകയാൽ ഇപ്പോള്‍ നിന്ന് യഹോവ നിങ്ങള്‍ കാണ്‍കെ ചെയ്‍വാന്‍ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്‍വിന്‍.

17 ഇത് കോതമ്പുകൊയ്ത്തിന്‍റെ കാലമല്ലോ; ഞാന്‍ യഹോവയോട് അപേക്ഷിക്കും; അവന്‍ ഇടിയും മഴയും അയയ്ക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങള്‍ അതിനാൽ കണ്ടറിയും.

18 അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.

19 ജനമെല്ലാം ശമൂവേലിനോട്: അടിയങ്ങള്‍ക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ഥിക്കേണമേ; ഞങ്ങള്‍ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകല പാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.

20 ശമൂവേൽ ജനത്തോടു പറഞ്ഞത്: ഭയപ്പെടേണ്ടാ; നിങ്ങള്‍ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്‍ണഹൃദയത്തോടെ യഹോവയെ സേവിപ്പിന്‍.

21 വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍ കഴിയാത്തവയുമായ മിഥ്യാമൂര്‍ത്തികളോടു നിങ്ങള്‍ ചേരരുത്; അവ മിഥ്യാവസ്തു തന്നെയല്ലോ.

22 യഹോവ തന്‍റെ മഹത്തായ നാമം നിമിത്തം തന്‍റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്‍റെ ജനമാക്കിക്കൊള്‍വാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.

23 ഞാനോ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാന്‍ ഇടവരരുതേ; ഞാന്‍ നിങ്ങള്‍ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.

24 യഹോവയെ ഭയപ്പെട്ട് പൂര്‍ണഹൃദയത്തോടും പരമാര്‍ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിന്‍; അവന്‍ നിങ്ങള്‍ക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍.

25 എന്നാൽ നിങ്ങള്‍ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.

  • 1 Samuel 11 — previous chapter
  • 1 Samuel 13 — next chapter
  • 1 Samuel 12 — English (KJV)
  • 1 Samuel 12 — English (WEB)
  • 1 Samuel 12 — Tamil (தமிழ்)
  • 1 Samuel 12 — Hindi (हिंदी)
  • 1 Samuel 12 — Kannada (ಕನ್ನಡ)