1 ശമൂവേൽ 10 (1 Samuel 10)

Malayalam Bible — Malayalam (മലയാളം)

1 അപ്പോള്‍ ശമൂവേൽ തൈലപാത്രം എടുത്ത് അവന്‍റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ചു പറഞ്ഞത്: യഹോവ തന്‍റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

2 നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്‍റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്‍റെ കല്ലറയ്ക്കരികെവച്ച് രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്‍റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്‍റെ മകനുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞ് നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്ന് അവര്‍ നിന്നോടു പറയും.

3 അവിടെനിന്ന് നീമുമ്പോട്ടു ചെന്ന് താബോറിലെ കരുവേലകത്തിനരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്ന് ആട്ടിന്‍കുട്ടിയെയും വേറൊരുത്തന്‍ മൂന്ന് അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലിൽ ദൈവത്തിന്‍റെ അടുക്കൽ പോകുന്നതായി നിനക്ക് എതിര്‍പെടും.

4 അവര്‍ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ട് അപ്പവും തരും; നീ അത് അവരുടെ കൈയിൽനിന്നു വാങ്ങിക്കൊള്ളേണം.

5 അതിന്‍റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്ക് എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോള്‍ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.

6 യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വന്നിട്ട് നീയും അവരോടുകൂടെ പ്രവചിക്കയും ആള്‍മാറിയതുപോലെ ആയിത്തീരുകയും ചെയ്യും.

7 ഈ അടയാളങ്ങള്‍ നിനക്കു സംഭവിക്കുമ്പോള്‍ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ട്.

8 എന്നാൽ നീ എനിക്കു മുമ്പേ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന്‍ ഞാന്‍ നിന്‍റെ അടുക്കൽ വരും; ഞാന്‍ നിന്‍റെ അടുക്കൽ വന്ന് നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.

9 ഇങ്ങനെ അവന്‍ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള്‍ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.

10 അവര്‍ അവിടെ ഗിരിയിങ്കൽ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവനെതിരേ വരുന്നു; ദൈവത്തിന്‍റെ ആത്മാവ് ശക്തിയോടെ അവന്‍റെമേൽ വന്നു; അവന്‍ അവരുടെ ഇടയിൽ പ്രവചിച്ചു.

11 അവനെ മുമ്പേ അറിഞ്ഞവരൊക്കെയും അവന്‍ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോള്‍: കീശിന്‍റെ മകന് എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.

12 അതിന് അവിടത്തുകാരിൽ ഒരുത്തന്‍: ആരാകുന്നു അവരുടെ ഗുരുനാഥന്‍ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായിത്തീര്‍ന്നു.

13 അവന്‍ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.

14 ശൗലിന്‍റെ ഇളയപ്പന്‍ അവനോടും അവന്‍റെ ഭൃത്യനോടും: നിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കൽ പോയി എന്ന് അവന്‍ പറഞ്ഞു.

15 ശമൂവേൽ നിങ്ങളോടു പറഞ്ഞത് എന്നെ അറിയിക്കേണം എന്ന് ശൗലിന്‍റെ ഇളയപ്പന്‍ പറഞ്ഞു.

16 ശൗൽ തന്‍റെ ഇളയപ്പനോട്: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവന്‍ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞത് അവന്‍ അവനോട് അറിയിച്ചില്ല.

17 അനന്തരം ശമൂവേൽ ജനത്തെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,

18 യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകല രാജ്യക്കാരുടെയും കൈയിൽനിന്നും നിങ്ങളെ വിടുവിച്ചു.

19 നിങ്ങളോ സകല അനര്‍ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങള്‍ ഇപ്പോള്‍ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിന്‍.

20 അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തുവരുമാറാക്കി; ബെന്യാമീന്‍ഗോത്രത്തിനു ചീട്ടുവീണു.

21 അവന്‍ ബെന്യാമീന്‍ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന് ചീട്ടുവീണു; പിന്നെ കീശിന്‍റെ മകനായ ശൗലിന് ചീട്ടുവീണു; അവര്‍ അവനെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.

22 അവര്‍ പിന്നെയും യഹോവയോട്: ആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു യഹോവ: അവന്‍ സാമാനങ്ങളുടെയിടയിൽ ഒളിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

23 അവര്‍ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തിൽ എല്ലാവരെക്കാളും തോള്‍മുതൽ പൊക്കമേറിയവനായിരുന്നു.

24 അപ്പോള്‍ ശമൂവേൽ സര്‍വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്ന് ആര്‍ത്തു.

25 അതിന്‍റെശേഷം ശമൂവേൽ രാജധര്‍മം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.

26 ശൗലും ഗിബെയയിൽ തന്‍റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആള്‍ക്കൂട്ടവും അവനോടുകൂടെ പോയി.

27 എന്നാൽ ചില നീചന്മാര്‍: ഇവന്‍ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.

  • 1 Samuel 9 — previous chapter
  • 1 Samuel 11 — next chapter
  • 1 Samuel 10 — English (KJV)
  • 1 Samuel 10 — English (WEB)
  • 1 Samuel 10 — Tamil (தமிழ்)
  • 1 Samuel 10 — Hindi (हिंदी)
  • 1 Samuel 10 — Kannada (ಕನ್ನಡ)