1 പത്രൊസ് 5 (1 Peter 5)

Malayalam Bible — Malayalam (മലയാളം)

1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിനു കൂട്ടാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നത്:

2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍. നിര്‍ബന്ധത്താലല്ല, ദൈവത്തിനു ഹിതമാംവണ്ണം മനഃപൂര്‍വമായും ദുരാഗ്രഹത്തോടെയല്ല,

3 ഉന്മേഷത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിന്‍കൂട്ടത്തിനു മാതൃകകളായിത്തീര്‍ന്നുകൊണ്ടും അധ്യക്ഷത ചെയ്‍വിന്‍.

4 എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും.

5 അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കു കീഴടങ്ങുവിന്‍. എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍. ദൈവം നിഗളികളോട് എതിര്‍ത്തുനില്ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്കുന്നു.

6 അതുകൊണ്ട് അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴെ താണിരിപ്പിന്‍.

7 അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേല്‍ ഇട്ടുകൊള്‍വിന്‍.

8 നിര്‍മദരായിരിപ്പിന്‍; ഉണര്‍ന്നിരിപ്പിന്‍; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.

9 ലോകത്തില്‍ നിങ്ങള്‍ക്കുളള സഹോദരവര്‍ഗത്തിന് ആ വക കഷ്ടപ്പാടുകള്‍ തന്നെ പൂര്‍ത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തില്‍ സ്ഥിരമുള്ളവരായി അവനോട് എതിര്‍ത്തു നില്പിന്‍.

10 എന്നാല്‍ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില്‍ തന്‍റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സര്‍വകൃപാലുവായ ദൈവംതന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.

11 ബലം എന്നെന്നേക്കും അവനുള്ളത്. ആമേന്‍.

12 നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള്‍ ഈ നില്ക്കുന്നതു ദൈവത്തിന്‍റെ സത്യകൃപയില്‍ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തസഹോദരന്‍ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില്‍ എഴുതിയിരിക്കുന്നു.

13 നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മര്‍ക്കൊസും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.

14 സ്നേഹചുംബനത്താല്‍ തമ്മില്‍ വന്ദനം ചെയ്‍വിന്‍. ക്രിസ്തുവിലുള്ള നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ.

  • 1 Peter 4 — previous chapter
  • 2 Peter 1 — next chapter
  • 1 Peter 5 — English (KJV)
  • 1 Peter 5 — English (WEB)
  • 1 Peter 5 — Tamil (தமிழ்)
  • 1 Peter 5 — Hindi (हिंदी)
  • 1 Peter 5 — Kannada (ಕನ್ನಡ)