1 രാജാക്കന്മാർ 15 (1 Kings 15)

Malayalam Bible — Malayalam (മലയാളം)

1 നെബാത്തിന്‍റെ മകനായ യൊരോബെയാംരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ അബീയാം യെഹൂദായിൽ വാണു തുടങ്ങി.

2 അവന്‍ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് മയഖാ എന്നു പേര്‍; അവള്‍ അബീശാലോമിന്‍റെ മകള്‍ ആയിരുന്നു.

3 തന്‍റെ അപ്പന്‍ മുമ്പേ ചെയ്തിരുന്ന സകല പാപങ്ങളിലും അവന്‍ നടന്നു; അവന്‍റെ ഹൃദയം അവന്‍റെ പിതാവായ ദാവീദിന്‍റെ ഹൃദയംപോലെ അവന്‍റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

4 എങ്കിലും ദാവീദിന്‍നിമിത്തം അവന്‍റെ ദൈവമായ യഹോവ അവന്‍റെ മകനെ അവന്‍റെ അനന്തരവനായി ഉയര്‍ത്തിയും യെരൂശലേമിനെ നിലനിര്‍ത്തിയുംകൊണ്ട് അവനു യെരൂശലേമിൽ ഒരു ദീപം നല്കി.

5 ദാവീദ് യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്‍റെ കാര്യത്തിൽ മാത്രമല്ലാതെ അവന്‍ തന്നോടു കല്പിച്ചതിൽ ഒന്നും തന്‍റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.

6 രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

7 അബീയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.

8 അബീയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്‍റെ മകനായ ആസാ അവനുപകരം രാജാവായി.

9 യിസ്രായേൽരാജാവായ യൊരോബെയാമിന്‍റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദായിൽ രാജാവായി.

10 അവന്‍ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്കു മയഖാ എന്നു പേര്‍; അവള്‍ അബീശാലോമിന്‍റെ മകള്‍ ആയിരുന്നു.

11 ആസാ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.

12 അവന്‍ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്‍റെ പിതാക്കന്മാര്‍ ഉണ്ടാക്കിയിരുന്ന സകല വിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.

13 തന്‍റെ അമ്മയായ മയഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവന്‍ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന്‍ തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു.

14 എന്നാൽ പൂജാഗിരികള്‍ക്കു നീക്കം വന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്‍റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.

15 വെള്ളി, പൊന്ന്, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്‍റെ അപ്പന്‍ നിവേദിച്ചതും താന്‍തന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.

16 ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

17 യിസ്രായേൽരാജാവായ ബയെശ യെഹൂദായുടെ നേരേ വന്നു, യെഹൂദാരാജാവായ ആസായുടെ അടുക്കൽ പോക്കുവരത്തിന് ആരെയും സമ്മതിക്കാതിരിക്കേണ്ടതിന് രാമായെ പണിതുറപ്പിച്ചു.

18 അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്‍റെ ഭൃത്യന്മാരുടെ കൈയിൽ ഏല്പിച്ചു; ആസാരാജാവ് ദമ്മേശെക്കിൽ പാര്‍ത്ത ഹെസ്യോന്‍റെ മകനായ തബ്രിമ്മോന്‍റെ മകന്‍ ബെന്‍-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:

19 എനിക്കും നിനക്കും, എന്‍റെ അപ്പനും നിന്‍റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്‍റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.

20 ബെന്‍-ഹദദ് ആസാരാജാവിന്‍റെ അപേക്ഷ കേട്ടു, തന്‍റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങള്‍ക്കു നേരേ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖായും കിന്നെരോത്തു മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.

21 ബയെശ അതു കേട്ടപ്പോള്‍ രാമാ പണിയുന്നതു നിര്‍ത്തി തിര്‍സ്സായിൽ തന്നെ പാര്‍ത്തു.

22 ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദായെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍ ചെന്നു ബയെശ പണിതുറപ്പിച്ച രാമായുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവ് അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പായും പണിതുറപ്പിച്ചു.

23 ആസായുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്‍റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ചെയ്തതൊക്കെയും അവന്‍ പട്ടണങ്ങള്‍ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്‍റെ വാര്‍ധക്യകാലത്ത് അവന്‍റെ കാലുകള്‍ക്കു ദീനം പിടിച്ചു.

24 ആസാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്‍റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി.

25 യെഹൂദാരാജാവായ ആസായുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്‍റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവന്‍ രണ്ടു സംവത്സരം യിസ്രായേലിൽ വാണു.

26 അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തന്‍റെ അപ്പന്‍റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

27 എന്നാൽ യിസ്സാഖാര്‍ഗോത്രക്കാരനായ അഹീയാവിന്‍റെ മകനായ ബയെശ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുള്ള ഗിബ്ബെഥോനിൽവച്ച് അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.

28 ബയെശ അവനെ യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു; അവനു പകരം രാജാവായി.

29 അവന്‍ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശീലോന്യനായ അഹീയാവ് എന്ന തന്‍റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന്‍ യൊരോബെയാമിനു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.

30 യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍ നിമിത്തവും അവന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവുംതന്നെ.

31 നാദാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

32 ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

33 യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ അഹീയാവിന്‍റെ മകനായ ബയെശ എല്ലാ യിസ്രായേലിനും രാജാവായി തിര്‍സ്സായിൽ ഇരുപത്തിനാല് സംവത്സരം വാണു.

34 അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്‍റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

  • 1 Kings 14 — previous chapter
  • 1 Kings 16 — next chapter
  • 1 Kings 15 — English (KJV)
  • 1 Kings 15 — English (WEB)
  • 1 Kings 15 — Tamil (தமிழ்)
  • 1 Kings 15 — Hindi (हिंदी)
  • 1 Kings 15 — Kannada (ಕನ್ನಡ)