Malayalam Bible — Malayalam (മലയാളം)
1 നിങ്ങളില്‍ ഒരുത്തനു മറ്റൊരുത്തനോട് ഒരു കാര്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിനു പോകുവാന്‍ തുനിയുന്നുവോ?
2 വിശുദ്ധന്മാര് ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങള്‍ വിധിക്കുമെങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന്‍ നിങ്ങള്‍ അയോഗ്യരോ?
3 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?
4 എന്നാല്‍ നിങ്ങള്‍ക്ക് ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?
5 നിങ്ങള്‍ക്കു ലജ്ജയ്ക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്ക്കു മധ്യേ കാര്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ?
6 അല്ല, സഹോദരന് സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍തന്നെ.
7 നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതുതന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്?
8 അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കുതന്നെ.
9 അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍,
10 കള്ളന്മാര്, അത്യാഗ്രഹികള്‍, മദ്യപന്മാര്, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.
11 നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.
12 സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട് എങ്കിലും ഞാന്‍ യാതൊന്നിനും അധീനനാകയില്ല.
13 ഭോജ്യങ്ങള്‍ വയറ്റിനും വയറു ഭോജ്യങ്ങള്‍ക്കും ഉള്ളത്; എന്നാല്‍ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്‍ന്നടപ്പിനല്ല കര്‍ത്താവിനത്രേ; കര്‍ത്താവു ശരീരത്തിനും.
14 എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും.
15 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങള്‍ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാന്‍ എടുത്തു വേശ്യയുടെ അവയവങ്ങള്‍ ആക്കാമോ? ഒരുനാളും അരുത്.
16 വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
17 കര്‍ത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.
18 ദുര്‍ന്നടപ്പു വിട്ട് ഓടുവിന്‍. മനുഷ്യന് ചെയ്യുന്ന ഏതു പാപവും ശരീരത്തിനു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.
19 ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
20 ആകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിന്‍.