1 ദിനവൃത്താന്തം 20 (1 Chronicles 20)

Malayalam Bible — Malayalam (മലയാളം)

1 പിറ്റേയാണ്ടിൽ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന കാലത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കിയിട്ടു ചെന്നു രബ്ബായെ വളഞ്ഞു. ദാവീദോ യെരൂശലേമിൽത്തന്നെ താമസിച്ചിരുന്നു. യോവാബ് രബ്ബായെ പിടിച്ചു നശിപ്പിച്ചു.

2 ദാവീദ് അവരുടെ രാജാവിന്‍റെ കിരീടം അവന്‍റെ തലയിൽനിന്ന് എടുത്തു; അതിന്‍റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്‍റെ തലയിൽ വച്ചു; അവന്‍ ആ പട്ടണത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.

3 അവന്‍ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈര്‍ച്ച വാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

4 അതിന്‍റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു;

5 പിന്നെ അവര്‍ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോള്‍ യായീരിന്‍റെ മകനായ എൽഹാനാന്‍ ഗിത്യനായ ഗൊല്യാഥിന്‍റെ സഹോദരനായ ലഹ്‍മിയെ വെട്ടിക്കൊന്നു. അവന്‍റെ കുന്തത്തണ്ടു നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു.

6 വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.

7 അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാന്‍ അവനെ വെട്ടിക്കൊന്നു.

8 ഇവര്‍ ഗത്തിൽ രാഫയ്ക്കു ജനിച്ചവര്‍ ആയിരുന്നു; അവര്‍ ദാവീദിന്‍റെയും അവന്‍റെ ദാസന്മാരുടെയും കൈയാൽ പട്ടുപോയി.

  • 1 Chronicles 19 — previous chapter
  • 1 Chronicles 21 — next chapter
  • 1 Chronicles 20 — English (KJV)
  • 1 Chronicles 20 — English (WEB)
  • 1 Chronicles 20 — Tamil (தமிழ்)
  • 1 Chronicles 20 — Hindi (हिंदी)
  • 1 Chronicles 20 — Kannada (ಕನ್ನಡ)