1 ദിനവൃത്താന്തം 10 (1 Chronicles 10)

Malayalam Bible — Malayalam (മലയാളം)

1 ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപര്‍വതത്തിൽ നിഹതന്മാരായി വീണു.

2 ഫെലിസ്ത്യര്‍ ശൗലിനെയും മക്കളെയും പിന്തുടര്‍ന്നു ചെന്നു; ഫെലിസ്ത്യര്‍ ശൗലിന്‍റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.

3 പട ശൗലിന്‍റെ നേരേ ഏറ്റവും മുറുകി, വില്ലാളികള്‍ അവനെ കണ്ടു, വില്ലാളികളാൽ അവന്‍ വിഷമത്തിലായി.

4 അപ്പോള്‍ ശൗൽ തന്‍റെ ആയുധവാഹകനോട്: ഈ അഗ്രചര്‍മികള്‍ വന്ന് എന്നെ അവമാനിക്കാതിരിക്കേണ്ടതിനു നിന്‍റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്‍റെ ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാള്‍ പിടിച്ച് അതിന്മേൽ വീണു.

5 ശൗൽ മരിച്ചു എന്ന് അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെതന്നെ തന്‍റെ വാളിന്മേൽ വീണു മരിച്ചു.

6 ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്‍റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.

7 അവര്‍ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ട് അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്ന് അവയിൽ പാര്‍ത്തു.

8 പിറ്റന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗിൽബോവപര്‍വതത്തിൽ വീണുകിടക്കുന്നതു കണ്ടു.

9 അവര്‍ അവന്‍റെ വസ്ത്രാദികള്‍ ഉരിഞ്ഞ് അവന്‍റെ തലയും ആയുധവര്‍ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിനു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.

10 അവന്‍റെ ആയുധവര്‍ഗം അവര്‍ തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തിൽ വച്ചു; അവന്‍റെ തലയെ ദാഗോന്‍റെ ക്ഷേത്രത്തിലും തറച്ചു.

11 ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോള്‍ ശൂരന്മാരെല്ലാവരും പുറപ്പെട്ട്

12 ശൗലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിന്‍കീഴിൽ കുഴിച്ചിട്ട് ഏഴു ദിവസം ഉപവസിച്ചു.

13 ഇങ്ങനെ ശൗൽ യഹോവയോട് ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോട് അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.

14 അവന്‍ യഹോവയോട് അരുളപ്പാടു ചോദിക്കായ്കയാൽ അവന്‍ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിനു കൊടുത്തു.

  • 1 Chronicles 9 — previous chapter
  • 1 Chronicles 11 — next chapter
  • 1 Chronicles 10 — English (KJV)
  • 1 Chronicles 10 — English (WEB)
  • 1 Chronicles 10 — Tamil (தமிழ்)
  • 1 Chronicles 10 — Hindi (हिंदी)
  • 1 Chronicles 10 — Kannada (ಕನ್ನಡ)